പുതിയ സര്‍ക്കാര്‍ അധികാരമേറി അധികമാകും മുമ്പേ ലേബര്‍ പാര്‍ട്ടിയില്‍ കലാപകൊടി ഉയരുകയാണ്. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചുകൊണ്ട് കാന്റര്‍ബറി എംപി റോസി ഡഫീല്‍ഡ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ചയാകുകയാണ്.
തന്റെ രാജിയില്‍ പതിനായിരക്കണക്കിന് പൗണ്ട് മൂല്യമുള്ള സമ്മാനങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാങ്ങിയെന്ന് ആരോപിക്കുന്നുണ്ട്. ടു ചൈല്‍ഡ് ബെനഫിറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി, വിന്റര്‍ ഫ്യൂവല്‍ ബെനഫിറ്റ് എടുത്തുകളഞ്ഞു ജനത്തെ ദുരിതത്തിലാക്കി എന്നിവയും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ലേബര്‍ വോട്ടര്‍മാര്‍ക്കും എംപിമാര്‍ക്കും അവഗണനയാണ് നേരിടുന്നതെന്നാണ് പരാതി. ലേബര്‍ പാര്‍ട്ടി തന്നെയാണ് മനസിലുള്ളതെന്നും ഒരിക്കലും പാര്‍ട്ടി വിടാന്‍ ആലോചിച്ചിട്ടില്ലെന്നും ഡഫീല്‍ഡ് ബിബിസിയോട് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ അതീവ നിരാശയിലാണെന്നും അതാണ് തുറന്നടിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
ലേബര്‍ അനുഭാവിയായ വഹീദ് അലി 16,000 പൗണ്ട് വിലവരുന്ന വസ്ത്രങ്ങള്‍ കീര്‍ സ്റ്റാര്‍മറിന് നല്‍കിയെന്ന് നേരത്തെ വാര്‍ത്തയായിരുന്നു. വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങുന്നത് സ്വാഭാവികമെന്നാണ് സ്റ്റാര്‍മര്‍ അനുകൂലികള്‍ ഇതിന് നല്‍കുന്ന വിശദീകരണം.
2023 ഒക്ടോബറില്‍ നല്‍കിയ സംഭാവനയായ 6,000 പൗണ്ടും 2024 ഫെബ്രുവരിയില്‍ നല്‍കിയ 10,000 പൗണ്ടും ഉള്‍പ്പെടുത്തിയാല്‍, വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കിയതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആകെ തുക 32,000 പൗണ്ട് ആണെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സമ്മാനങ്ങളെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നേരത്തെ 7 ലേബര്‍ പാര്‍ട്ടി എംപിമാരെ സര്‍ക്കാര്‍ ബില്ലിന് എതിരെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.