യുകെ മലയാളി യുവതി റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ചു ഗുരുതരാവസ്ഥയില്‍. പെഡസ്ട്രിയന്‍ ക്രോസ്സില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന, അഞ്ചുമാസം ഗര്‍ഭിണിയായ മലയാളി യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 29 രാത്രി എട്ടു മണിയോടെ ബാംബര്‍ ബ്രിഡ്ജിലാണ് സംഭവം നടന്നത്. വാഹനം ഓടിച്ചിരുന്നത് 16ഉം 17ഉം വയസ്സുള്ളവരെന്നാണ് റിപ്പോര്‍ട്ട്.
വയനാട് സ്വദേശിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ബാംബര്‍ ബ്രിഡ്ജില്‍ നിന്ന് 16ഉം 17ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതായി ലങ്കാഷെയര്‍ പൊലീസ് അറിയിച്ചു.
യുവതി സീബ്രാ ലൈനില്‍ ആയിരിക്കുമ്പോഴാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. FY 62MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാര നിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ വാഹനം ഇതുവരേയും കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടനെ ബന്ധപ്പെടണമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ യുവതി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതി റോഡ് ക്രോസ് ചെയ്തതിന് ശേഷം ഭര്‍ത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും കാറിടിച്ച് തെറിച്ചുപോവുകയായിരുന്നു. വലിയ ഞെട്ടലോടെയാണ് ദൃക്സാക്ഷികള്‍ സംഭവത്തെ കുറിച്ച് വിവരിച്ചത്.