വിവാദം: ആറായിരം പൗണ്ട് വിലയുള്ള സമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ കീര്‍ സ്റ്റാര്‍മര്‍
സര്‍ക്കാരിന് നാണക്കേടായി സൗജന്യം കൈപ്പറ്റല്‍ വിവാദത്തില്‍ തടിയൂരാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സ്വീകരിച്ച സമ്മാനങ്ങളും സത്കാരങ്ങളും തിരിച്ചടിയായതോടെ ആറായിരം പൗണ്ട് വിലയുള്ള സമ്മാനങ്ങള്‍ തിരിച്ചു നല്‍കാന്‍ പ്രധാനമന്ത്രി ഒരുങ്ങുകയാണ്.
സൗജന്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണം നിലനില്‍ക്കേ ആറായിരം പൗണ്ടു മൂല്യമുള്ള സമ്മാനങ്ങള്‍ തിരിച്ചുനല്‍കുകയാണ് പ്രധാനമന്ത്രിയും കുടുംബവും. വസ്ത്രങ്ങളും വിലയേറിയ മറ്റ് സമ്മാനങ്ങളും തിരിച്ചു നല്‍കും. മന്ത്രിമാര്‍ എന്തൊക്കെ സൗജന്യം സ്വീകരിക്കാമെന്ന പുതിയ നിയമം വരുന്നതിനിടെ അദ്ദേഹം തന്നെ സ്വീകരിച്ച സമ്മാനങ്ങള്‍ തിരിച്ചു നല്‍കുന്നത്.
വസ്ത്രങ്ങളൊന്നും തന്നെ ഇനി സമ്മാനമായി സ്വീകരിക്കില്ല. അതിഥികളെ സത്കരിക്കുന്ന ചെലവുകളും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതുമൊക്കെ തനിക്കെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്ന ചിന്തയിലാണ് തിടുക്കപ്പെട്ടുള്ള നീക്കം.
ഞങ്ങളുടെ ഔദ്യോഗിക സര്‍ക്കാര്‍ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതല്‍ മന്ത്രിമാര്‍ എംപി രജിസ്റ്ററിലും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരാകും.
ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥിരമായി പാരിതോഷികങ്ങള്‍ നല്‍കുന്ന ലോര്‍ഡ് അല്ലിയില്‍ നിന്ന് പ്രധാനമന്ത്രി സ്റ്റാര്‍മെറിനും മറ്റ് ഉന്നത മന്ത്രിമാര്‍ക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പുതിയ തീരുമാനം ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബര്‍ പാര്‍ട്ടി അംഗമായ റോസി ഡഫീല്‍ഡ് എംപി രാജിവെച്ചതായി അറിയിച്ചിരുന്നു.
എംപിമാര്‍ നിലവില്‍ അവരുടെ പാര്‍ലമെന്ററി അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടില്‍ കൂടുതല്‍ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാല്‍ 28 ദിവസത്തിനുള്ളില്‍ നല്‍കിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം പറയുന്നത്.