ഏഴ് പേര്‍ കോവിഡ് മൂലം മരണമടഞ്ഞ ഡെവണിലെ കെയര്‍ഹോമില്‍, കോവിഡ് - 19 ഒരു ഗൂഢാലോചനയാണെന്ന് വിശ്വസിച്ച് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച നഴ്സിനെതിരെ നടപടി വരുന്നു. സിഡ്‌ഫോര്‍ഡിലെ ഹോള്‍മെസ്ലി കെയര്‍ഹോമില്‍ 2021 മാര്‍ച്ചിനും ഏപ്രിലിലും ഇടയിലായി ഏഴ് അന്തേവാസികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേ വര്‍ഷം ഫെബ്രുവരിയില്‍ കെയര്‍ ഹോം സന്ദര്‍ശിച്ച കെയര്‍ ക്വാളിറ്റി കമ്മീഷനും (സി ക്യു സി) അവിടെ പി പി ഇ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാലയളവില്‍ രണ്ട് തവണയായിരുന്നു സി ക്യു സി ഈ കെയര്‍ ഹോം സന്ദര്‍ശിച്ചത്.
മാസ്‌ക് ധരിക്കാതെയെത്തിയ നഴ്സിനോട് താന്‍ അക്കാര്യം സംസാരിച്ചിരുന്നു എന്നും, കോവിഡ് വെറും ഗൂഢാലോചന മാത്രമാണെന്നായിരുന്നു അയാളുടെ പ്രതികരണമെന്നും കൗണ്ടി ഹാളില്‍ നടന്ന വിചാരണയില്‍ നഴ്സിംഗ് ഹോം ഡെപ്യൂട്ടി മാനേജറും, ഒരു റെജിസ്റ്റേര്‍ഡ് നഴ്സും കൂടിയായ ജെമ്മ ടേണര്‍ പറഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു കെയര്‍ വര്‍ക്കര്‍ ആയിരുന്നു ഇക്കാര്യം തന്നെ അറിയിച്ചതെന്നും ഉടനെ താന്‍ ആ നഴ്സുമായി സംസാരിച്ചെന്നും ജെമ്മ പറഞ്ഞു.
വ്യക്തിപരമായ വീക്ഷണങ്ങള്‍ ആര്‍ക്കും കാത്തു സൂക്ഷിക്കാമെന്നും,എന്നാല്‍, ജോലി സമയത്ത് മാസ്‌ക് ധരിക്കണം എന്നത് നിയമമാണെന്നും, അത് അനുസരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും താന്‍ ഓര്‍മ്മിപ്പിച്ചു എന്നും അവര്‍ പറഞ്ഞു. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.