നടന്‍ മോഹന്‍രാജ് അന്തരിച്ചു. സിനിമാ-സീരിയല്‍ താരവും നിര്‍മ്മാതാവുമായ ദിനേശ് പണിക്കാരാണ് നടന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
കിരീടം, ചെങ്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍രാജ് എന്ന കീരീക്കാടന്‍ ജോസ്.
കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്.
അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറായി മോഹന്‍ രാജ് കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ.