നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ പൊലീസ് കേസ് എടുത്തു. കേസില്‍ അഭിഭാഷകന്‍ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി.
നടിയും അഭിഭാഷകനും ബാലചന്ദ്രമേനോനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ബാലചന്ദ്രമേനോന്റെ ചിത്രങ്ങള്‍ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും പൊലീസ് പറയുന്നു. അതേസമയം നടിയുടെ അഭിമുഖം അപ്‌ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്.
എന്നാല്‍ ഇതിന് പിന്നാലെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ബാലചന്ദ്ര മേനോന്‍ രംഗത്തെത്തിയിരുന്നു.