ബ്രിട്ടന്റെ ജനസംഖ്യ അതിവേഗം കുതിയ്ക്കുന്നു. പ്രധാന കാരണം കുടിയേറ്റം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഞ്ച് പതിറ്റാണ്ടിനിടെ കാണാത്ത തോതില്‍ ബ്രിട്ടന്റെ ജനസംഖ്യ അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ കൂട്ട കുടിയേറ്റം കാരണമാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആകെ യുകെ നിവാസികളുടെ എണ്ണം 68,265,200 എന്ന തോതിലാണ് എത്തിയത്. അവസാന 12 മാസത്തില്‍ 662,400 പേരെ കൂടി സ്വീകരിച്ചതോടെയാണ് ഈ കുതിപ്പ്.
ജനംസഖ്യയില്‍ 0.97 ശതമാനം വര്‍ദ്ധനവാണ് ഇതുവഴി രേഖപ്പെടുത്തിയത്. 1971ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. നെറ്റ് മൈഗ്രേഷനാണ് ജനസംഖ്യാ വര്‍ദ്ധനവില്‍ പ്രധാന സംഭാവന നല്‍കുന്നത്. ജനനങ്ങളെ അപേക്ഷിച്ച് മരണങ്ങളുടെ എണ്ണം ആദ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെ കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമായി. പബ്ലിക് സര്‍വ്വീസുകളിലും, ഹൗസിംഗിലും, സമൂഹത്തിലും അനിയന്ത്രിതമായ കുടിയേറ്റം വരുത്തിവെയ്ക്കുന്ന ആഘാതം വ്യക്തമാക്കുന്നതാണ് കണക്കുകളെന്ന് ടോറി നേതൃപോരാട്ടത്തിലുള്ള മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് പ്രതികരിച്ചു.
ഈ ജൂണിലെ കണക്കുകള്‍ പ്രകാരം ജോലി, പഠനം, കുടുംബത്തോടൊപ്പം ജീവിക്കല്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ക്കായി 1.16 മില്ല്യണ്‍ വിസകള്‍ അനുവദിച്ചിരുന്നുവെന്നും വ്യക്തമായി. മുന്‍ ടോറി ഗവണ്‍മെന്റ് ആശ്രിതരെ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷമാണ് ഈ അവസ്ഥയെന്നത് ലേബര്‍ ഗവണ്‍മെന്റിന് പുതിയ വെല്ലുവിളിയാകും. ഏതായാലും ബ്രിട്ടനിലെ സ്വദേശികള്‍ക്കിടയില്‍ അമിത കുടിയേറ്റത്തിന് എതിരായ രോഷം ആളിക്കത്തിക്കാനുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.