വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കാര്‍ ഉപയോഗിച്ച് ഇന്ത്യന്‍ റസ്‌റ്റൊറന്റ് മാനേജറെ കൊലപ്പെടുത്തിയ കേസില്‍ പാക് വംശജന് ജീവപര്യന്തം തടവ്. റീഡിങ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് വിഗ്നേഷ് പട്ടാഭിരാമനെ (36) കൊലപ്പെടുത്തിയ കേസില്‍ പാക് വംശജനായ ഷസേബ് ഖാലിദ് (25) കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഈ വര്‍ഷം ഫെബ്രുവരി 14ന് തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ മനപൂര്‍വ്വം കാറിടിച്ച് വിഗ്നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. റോയല്‍ ബെര്‍ക്ഷെയര്‍ ഹോസ്പിറ്റലില്‍ വച്ച് വിഗ്നേഷ് മരിക്കുകയും കൊലപാതക അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റെസ്റ്റൊറന്റിനെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചതിന് ഉത്തരവാദി വിഗ്നേഷാണെന്ന തെറ്റായ വിശ്വാസത്തിലായിരുന്നു കൊലപാതകം.
വാഹനമിടിച്ച് തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് പട്ടാഭിരാമന്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി ജൂറി പറഞ്ഞു. ഫെബ്രുവരി 19ന് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. കേസില്‍ അറസ്റ്റിലായ സോയിഹീം ഹുസൈന്‍, മിയ റെയ്‌ലി എന്നിവരും വിചാരണയില്‍ ഹാജരായിരുന്നു. കുറ്റവാളികളെ സഹായിച്ചതിന് സോയിഹീം ഹുസൈനെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. റെയ്‌ലി കുറ്റക്കാരനല്ലെന്നും കോടതി കണ്ടെത്തിയിരുന്നു.