മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകളില്‍ വമ്പന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബാര്‍ക്ലേസും, സാന്‍ടാന്‍ഡറും. ഇതുമൂലം ഹോം ലോണ്‍ എടുത്തവരുടെ മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ വര്‍ദ്ധനയുണ്ടാവും. ഈ രണ്ട് ലെന്‍ഡര്‍മാരും ഏറ്റവും ലാഭകരമായ ഡീലുകളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയോ, അപ്പാടെ പിന്‍വലിക്കുകയോ ചെയ്തിരിക്കുകയാണ്.
സ്വാപ് റേറ്റില്‍ അടുത്തിടെ വരുത്തിയ വര്‍ദ്ധനവുകളാണ് ലെന്‍ഡര്‍മാരെ മാറ്റി ചിന്തിപ്പിക്കുന്നത്. ഇത് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളെ നേരിട്ട് ബാധിക്കും. അനിശ്ചിതാവസ്ഥകള്‍ വ്യാപകമാകുന്ന ഘട്ടത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകള്‍ ഉറപ്പായും സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സാന്‍ടാന്‍ഡര്‍ തങ്ങളുടെ ഏറ്റവും ലാഭകരമായ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ താല്‍ക്കാലികമായി പിന്‍വലിക്കും. ബ്രോക്കര്‍മാര്‍ വഴി നല്‍കിയിരുന്ന 3.68% നിരക്കുള്ള ഡീലാണ് റദ്ദാക്കുന്നത്. ഇതിന് പുറമെ ബാര്‍ക്ലേസും ചില ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ബാങ്കിന്റെ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഓഫറിന്റെ നിരക്ക് 3.71 ശതമാനത്തില്‍ നിന്നും ഒറ്റരാത്രി കൊണ്ട് 3.79 ശതമാനത്തിലേക്കാണ് താഴ്ത്തിയിരിക്കുന്നത്. അതേസമയം റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്ക് ചെറിയ ലാഭം കിട്ടും. ബാര്‍ക്ലേസിന്റെ അഞ്ച് വര്‍ഷത്തെ റീമോര്‍ട്ട്‌ഗേജ് നിരക്ക് 3.93 ശതമാനത്തില്‍ നിന്നും 3.85 ശതമാനമായാണ് കുറച്ചിരിക്കുന്നത്.