സ്‌കോട്ട്‌ലന്‍ഡിന്റെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് (69) അന്തരിച്ചു. നോര്‍ത്ത് മാസിഡോണിയയില്‍ ഒരു രാജ്യാന്തര കോണ്‍ഫറന്‍സില്‍ ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സംഭവ സ്ഥലത്തു തന്നെ അദ്ദേഹം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
2007നും 2014 നും ഇടയില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ ആയിരുന്ന അലക്‌സ് സാല്‍മണ്ട് പൊതു സമ്മതനായ നേതാവ് ആയിരുന്നു. സ്‌കോട്ടിഷ് രാഷ്ട്രീയത്തിലെ മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അലക്‌സ് സാല്‍മണ്ട് എന്നു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. അലക്‌സ് സാല്‍മണ്ടിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്തയില്‍ താനും രാജ്ഞിയും ദു:ഖിതരാണെന്ന് ചാള്‍സ് രാജാവ് പറഞ്ഞു.
അധികാരത്തിലുള്ളപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയ ആളായിരുന്നു അലക്‌സ് സാല്‍മണ്ട്. അതിനിടെ 13 ഓളം കേസുകള്‍ അദ്ദേഹത്തിനെതിരെ ആരോപിച്ചു. എന്നാല്‍ 2020 ല്‍ എഡിന്‍ബര്‍ഗില്‍ നടന്ന വിചാരണയ്ക്ക് ശേഷം ഗുരുതരമായ ലൈംഗീക കുറ്റാരോപണങ്ങളില്‍ നിന്ന് സാല്‍മണ്ടിനെ ഒഴിവാക്കി.