വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി നടന്‍ ജയസൂര്യ. രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം. എന്നാല്‍ മാദ്ധ്യമശ്രദ്ധ ഒഴിവാക്കാനായി 8.15ന് ജയസൂര്യ സ്റ്റേഷനില്‍ എത്തി. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ ആവര്‍ത്തിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.
ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ജയസൂര്യ മോശമായി പെരുമാറിയെന്നാണ് ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതിയില്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു നടന്നത്. അന്ന് ഷൂട്ടിംഗിനിടെ സാരി ശരിയാക്കുന്ന സമയത്ത് നടന്‍ ജയസൂര്യ പുറകില്‍ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചെന്നും പരാതിയിലുണ്ട്.
പിന്നാലെ മറ്റൊരു നടി കൂടി താരത്തിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടനെതിരെ രണ്ടാമതൊരു പീഡനക്കേസ് കൂടി കരമന പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ബാത്ത്‌റൂമില്‍ പോയി വരുന്ന സമയത്ത് പിറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.