യുകെയില്‍ തട്ടിപ്പു സംഘം പാര്‍ക്കിംഗ് വാര്‍ഡന്‍മാരുടെ രൂപത്തിലും. ഇപ്പോള്‍ പാര്‍ക്കിംഗ് വാര്‍ഡന്‍മാര്‍ ചമഞ്ഞുള്ള തട്ടിപ്പാണ് പെരുകുന്നത്. ട്രാഫിക് വാര്‍ഡന്‍മാരുടെ വേഷം ധരിച്ച് ഒരാള്‍ സ്ത്രീയില്‍ നിന്നും 4000 പൗണ്ട് അടിച്ചുമാറ്റാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഒരു ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ അരികിലെത്തിയ വ്യാജ വാര്‍ഡന്‍ ബാങ്ക് കാര്‍ഡ് കൈമാറാനും, ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തി.
ബാങ്ക് കാര്‍ഡ് കൈക്കലാക്കിയ തട്ടിപ്പുകാരന്‍ ഇവിടെ നിന്നും ഓടിക്കളയുകയായിരുന്നു. ഇതിന് പിന്നാലെ 4000 പൗണ്ട് സൈ്വപ്പ് ചെയ്യാന്‍ ശ്രമിച്ചതായി ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് ഈ ട്രാന്‍സാക്ഷന്‍ തടഞ്ഞതിനാല്‍ പണം നഷ്ടമായില്ല. ഹെര്‍ട്ട്‌സിലെ ഹെമെല്‍ ഹെംപ്‌സ്റ്റെഡിലാണ് വ്യാഴാഴ്ച ഈ സംഭവം അരങ്ങേറിയത്.
ഇതോടെ തട്ടിപ്പുകാരുടെ വലയില്‍ വീഴരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലോക്ക് ചെയ്ത് വെയ്ക്കാനാണ് ഡ്രൈവര്‍മാര്‍ക്ക് സീരിയസ് ഫ്രോഡ് & സൈബര്‍ യൂണിറ്റില്‍ നിന്നുള്ള ജൂലിയന്‍ ഗ്രിഫിത്സ് ഉപദേശിക്കുന്നത്. ഒരു ഉദ്യോഗസ്ഥനും, കമ്പനി പ്രതിനിധിയും കാര്‍ഡോ, ബാങ്ക് കാര്‍ഡോ റോഡരികില്‍ വെച്ച് ആവശ്യപ്പെടില്ല. ഇങ്ങനെ പറയുന്നവരോട് പെനാല്‍റ്റി നോട്ടീസ് പോസ്റ്റലായി അയയ്ക്കാന്‍ പറയണം. വ്യക്തിപരമായ വിവരങ്ങള്‍ കൈമാറരുത്, നിര്‍ബന്ധം പിടിച്ചാല്‍ 101-ല്‍ വിളിച്ച് പോലീസില്‍ അറിയിക്കണം, ഗ്രിഫിത്സ് വിശദമാക്കി.