തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് എം 6 ല്‍ രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരണമടഞ്ഞു. വടക്കോട്ട് പോകുന്ന കാര്യേജ് വേയില്‍, തെക്ക് ദിശയിലേക്കായിരുന്നു സ്‌കോഡ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കമ്പ്രിയയിലാണ് അപകടം നടന്നത്. സ്‌കോഡ കാര്‍ തെറ്റായ ദിശയില്‍ എം 6 ലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച പോലീസുകാര്‍ അങ്ങോട്ട് പോകുന്ന വഴിയായിരുന്നു അത് ഒരു ടൊയോട്ടയുമായി ഇടിച്ച് അപകടമുണ്ടായ വിവരം പോലീസിന് ലഭിക്കുന്നത്.
സ്‌കോഡയുടെ ഡ്രൈവറായ, കേംബ്രിഡ്ജ്ഷയറില്‍ നിന്നുള്ള 40 കാരന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ടൊയോട്ട ഓടിച്ചിരുന്ന 42 കാരനും അതില്‍ സഞ്ചരിച്ചിരുന്ന 33 കാരിയായ സ്ത്രീയും 15 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ ഗ്ലാസ്‌ഗോയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
ടൊയോട്ടയില്‍ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ ന്യൂകാസില്‍ അപ്പോണ്‍ ടൈനിലെ റോയല്‍ വിക്‌റ്റോറിയ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.