വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഹഡേഴ്സ് ഫീല്‍ഡില്‍ താമസിക്കുന്ന മലയാളി ജോയിസ് മുണ്ടയ്ക്കലിന്റെ വീട്ടില്‍ വന്‍ മോഷണം. ജോയിസ് കുടുംബസമേതം ബൈബിള്‍ കലോത്സവത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ലീഡ്സ് റീജന്റ് ബൈബിള്‍ കലോത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ജോയിസ് ബൈബിള്‍ കലോത്സവ വേദിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയത് രാത്രി ഒരു മണിയോടുകൂടിയാണ്. ഈ സമയത്തിനിടയിലാണ് മോഷ്ടാക്കള്‍ വീടിന്റെ പാറ്റി ഡോര്‍ തകര്‍ത്ത് അതിക്രമിച്ച് കയറിയത്.
മോഷണ രീതി കണ്ട പോലീസ്, പ്രൊഫഷണല്‍ മോഷ്ടാക്കളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് എത്തിയത്. മോഷ്ടാക്കള്‍ പ്രധാനമായിട്ടും ലക്ഷ്യം വെച്ചത് വീടിനുള്ളിലെ സ്വര്‍ണമായിരുന്നു. ജോയിസിന് സ്വര്‍ണവും തന്റെ വില കൂടിയ രണ്ട് ക്യാമറയും ടൂള്‍ കിറ്റ്സുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്.
എന്‍ജിനീയര്‍ കൂടിയായ ജോയ്സ് വിലകൂടിയ ടൂള്‍ കിറ്റ്സ് സ്വന്തം ആവശ്യത്തിനായിട്ടും ഒരു കൗതുകത്തിന് വേണ്ടിയുമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ജോലി സംബന്ധമായിട്ട് വിദേശരാജ്യങ്ങള്‍ പതിവായിട്ട് സന്ദര്‍ശിക്കുന്ന ജോയിസിന്റെ ട്രാവല്‍ ബാഗിനുള്ളില്‍ ഡോളര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ശ്രദ്ധിക്കാതെ വലിച്ചുവാരിയിട്ട കൂട്ടത്തിലുണ്ടായിരുന്നു.
ബൈബിള്‍ കലോത്സവ വേദിയില്‍ നിന്ന് മടങ്ങിയെത്തിയ ജോയിസ് വീടിനുള്ളില്‍ മുഴുവന്‍ ലൈറ്റുകള്‍ കിടക്കുന്നത് കണ്ടപ്പോഴേ അസ്വഭാവികത തോന്നി. ആദ്യം കരുതിയത് മോഷ്ടാക്കള്‍ വീടിനുള്ളില്‍ ഉണ്ടെന്നായിരുന്നു. മോഷ്ടാക്കള്‍ക്ക് വേണ്ടി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ്.
കേരളത്തില്‍ മൂവാറ്റുപുഴ സ്വദേശിയാണ് ജോയിസ്. ജോയിസിന്റെ ഭാര്യ ജെറിന്‍ യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററായ ട്രയംഫിന്റെ സംരഭക എന്ന രീതിയില്‍ പ്രശസ്തയാണ്.