ലണ്ടന്‍: ജയിലുകളിലെ തിരക്ക് പ്രാതീക്ഷിച്ചതുപോലെ കുറയാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍നിന്ന് വീണ്ടും തടവുകാരെ മോചിപ്പിക്കുന്നു. 1,100 തടവുകാരെക്കൂടി കാലാവധിയ്ക്കു മുമ്പേ മോചിപ്പിക്കാനാണ് തീരുമാനം.
സെപ്റ്റംബര്‍ പത്തിന് 1700 തടവുകാരെ സമാനമായ രീതിയില്‍ മോചിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ കൂടുതല്‍ തടവുകാരെ സ്വതന്ത്രരാക്കുന്നത്. ശിക്ഷാ കാലാവധിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്കും അഞ്ചുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവര്‍ക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സ്ത്രീപീഡനം, ഭവനഭേദനം, കൊലപാതകം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിന്റെ പരിഗണന ലഭിക്കില്ല. ജയിലുകളില്‍ സ്ഥലമില്ലാത്തതിനാല്‍ നിലവില്‍ പല കുറ്റവാളികള്‍ക്കും വീട്ടുതടങ്കല്‍ പോലെയുള്ള ശിക്ഷ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനാണ് കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് ശിക്ഷയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്ക് മോചനം നല്‍കുന്നത്. പക്ഷേ, സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന വിമര്‍ശനം ശക്തമാണ്.
ജയിലിലെ സ്ഥലപരിമിതിയ്ക്ക് പരിഹാരം കാണാന്‍ കൂടുതല്‍ ജയിലുകള്‍ പണിയുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രതിവര്‍ഷം 4500 എന്ന കണക്കിലാണ് രാജ്യത്ത് തടവുകാരുടെ എണ്ണം വര്‍ധിക്കുന്നത്.
ഈ സാഹചര്യത്തില്‍ നിലവില്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ താമസിപ്പിക്കാന്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ നിശ്ചിതകാലം ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കുക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള ഏക മാര്‍ഗം. ഘട്ടം ഘട്ടമായി 5500 തടവുകാരെ ഇത്തരത്തില്‍ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.