യുകെയ്ക്ക് ആവശ്യമായ സാമ്പത്തിക 'റീസെറ്റ്' സമ്മാനിക്കുന്ന ബജറ്റായിരിക്കും അടുത്തയാഴ്ച താനവതരിപ്പിക്കുകയെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്.വന്‍തോതില്‍ നികുതികള്‍ ഉയരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചാന്‍സലറുടെ വാദം. വാഷിംഗ്ടണില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ പ്രസംഗിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍.
ഭാവി വളര്‍ച്ചയ്ക്ക് അടിസ്ഥാനമിടാനുള്ള നിക്ഷേപങ്ങളാണ് ഒക്ടോബര്‍ 30 ന്റെ ബജറ്റ് സമ്മാനിക്കുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ പാകുന്നതായിരിക്കും. എന്നിരുന്നാലും ബജറ്റ് സാമ്പത്തികമായി നിരവധി പേരെ വേദനിപ്പിക്കുമെന്ന് ചാന്‍സലര്‍ സമ്മതിച്ചു.
ജോലി ചെയ്യുന്നവരുടെ നികുതി ഒരുതരത്തിലും വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനത്തില്‍ നിന്നും റീവ്‌സ് പിന്നോട്ട് പോയിട്ടുണ്ട്. പ്രകടനപത്രികയിലെ വാഗ്ദാനം പ്രധാന ടാക്‌സുകളെ മാത്രം ഉദ്ദേശിച്ചാണെന്നാണ് ഇവരുടെ നയം മാറ്റം. നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കലുമായി ചുരുങ്ങിയത് 40 ബില്ല്യണ്‍ പൗണ്ടിന്റെ തിരിച്ചടിയാണ് റീവ്‌സ് സമ്മാനിക്കുകയെന്നാണ് കണക്കുകൂട്ടല്‍.
നികുതികളിലൂടെയാണ് പ്രധാനമായും ഈ ഫണ്ട് കണ്ടെത്തുക. അതുകൊണ്ട് തന്നെ ദശകങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ന്ന നികുതി വര്‍ദ്ധനവുള്ള ബജറ്റായി ഇത് മാറുമെന്നാണ് ട്രഷറി ശ്രോതസ്സുകളും സൂചിപ്പിക്കുന്നത്. ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിങ്ങനെ ജോലിക്കാര്‍ നല്‍കുന്ന പ്രധാന നികുതികള്‍ വര്‍ദ്ധിപ്പിക്കില്ലെന്നാണ് തങ്ങള്‍ പറഞ്ഞിട്ടുള്ളതെന്ന് ബിബിസി റേഡിയോ 5 ലൈവില്‍ ചാന്‍സലര്‍ വ്യക്തമാക്കി.
ഇതോടെ നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ഉയരാനുള്ള സാധ്യതയാണ് തെളിഞ്ഞത്. ഇത് ഫലത്തില്‍ ജോലി ചെയ്യുന്നവരെ തന്നെ ബാധിക്കും.