ഡോര്‍സെറ്റിലെ സ്വാനേജിലുള്ള കെയര്‍ ഹോമില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നരഹത്യ നടത്തിയെന്ന് സംശയിക്കുന്ന 60-കാരിയെ അറസ്റ്റ് ചെയ്തതായി ഡോര്‍സെറ്റ് പോലീസ്. ഡോര്‍സെറ്റിലെ ഗെയിന്‍സ്ബറോ കെയര്‍ ഹോമിലാണ് കഴിഞ്ഞ ദിവസം രാവിലെ 7.16-ഓടെ പോലീസ് മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെയര്‍ ഹോമിലെ കൂട്ടമരണത്തിന് പിന്നില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അറസ്റ്റ് നടന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ചോര്‍ന്നതാണ് മരണങ്ങളിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്.
നാല് രോഗികളെ പൂള്‍ ഹോസ്പിറ്റലിലേക്കും, മറ്റുള്ളവരെ ഡോര്‍സെറ്റ് കൗണ്ടി ഹോസ്പിറ്റലിലേക്കുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അത്യാഹിതം നടന്നതായി വിവരം ലഭിച്ചതോടെ 20 ആംബുലന്‍സുകളും, ഫയര്‍ എഞ്ചിനുകളും, പോലീസും സംഭവസ്ഥലത്തേക്ക് എത്തി. കെയര്‍ ഹോം ജീവനക്കാര്‍ പരസ്പരം കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഗെയിന്‍സ്ബറോ കെയര്‍ ഹോമില്‍ നിന്നും രക്ഷപ്പെടുത്തിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന 40-ലേറെ അന്തേവാസികളെയും, ജീവനക്കാരെയും അടുത്തുള്ള ഓള്‍ സെയിന്റ്‌സ് ചര്‍ച്ചിലേക്ക് മാറ്റി. സമൂഹത്തിന് മറ്റ് അപകടങ്ങളില്ലെന്ന് സൂപ്രണ്ട് ഡിക്‌സി സ്ഥിരീകരിച്ചു. അന്തേവാസികളെ രക്ഷപ്പെടുത്തി അടുത്തുള്ള പള്ളിയിലേക്ക് മാറ്റാന്‍ സ്വാനേജ് സമൂഹം ഒന്നായിറങ്ങി.