ഡോര്‍സെറ്റ് സ്വാനേജിലെ കെയര്‍ ഹോമില്‍ മൂന്ന് അന്തേവാസികളെ മരിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടു. ഉള്‍വെല്‍ റോഡിലെ ഗെയിന്‍സ്ബറോ കെയര്‍ ഹോമില്‍ 74, 91 വയസ്സുള്ള രണ്ട് പുരുഷന്‍മാരും, 86-കാരിയായ സ്ത്രീയും മരിച്ച സംഭവത്തിലാണ് നരഹത്യ ആരോപിച്ച് 60-കാരിയെ അറസ്റ്റ് ചെയ്തത്.
ഏതെങ്കിലും തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെയാണ് അന്വേഷണവിധേയമായി കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചത്. മൂന്ന് അന്തേവാസികളുടെ മരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ ഓഫീസര്‍മാര്‍ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കെയര്‍ ഹോമിലെ അപകടത്തെ തുടര്‍ന്ന് ഏഴ് അന്തേവാസികള്‍ ആശുപത്രിയില്‍ തുടരുകയാണ്. കിടപ്പിലായ രോഗികള്‍ ഉള്‍പ്പെടെ ഇവിടെ നിന്നും രക്ഷപ്പെടുത്തേണ്ടി വന്നിരുന്നു. പോലീസ് ഓഫീസര്‍മാര്‍ കെയര്‍ ഹോമില്‍ പരിശോധനകള്‍ തുടരുകയാണ്. ലോക്കല്‍ ഫയര്‍ സര്‍വ്വീസിലെ അംഗങ്ങളും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.
സംഭവത്തില്‍ അതീവ ദുഃഖിതരാണെന്ന് അറിയിച്ച കെയര്‍ ഹോം വക്താവ് കേസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നതായി വ്യക്തമാക്കി. നിലവില്‍ പട്ടണത്തിലുള്ള എല്ലാവരും സഹായകരങ്ങളുമായി രംഗത്തുണ്ടെന്ന് കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന 34-കാരി ഷാര്‍ലെറ്റ് ഹാരിസ് പറഞ്ഞു.