ഒക്ടോബറിലെ അവസാന ഞായറാഴ്ച റോഡ് അപകടങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. അതിനാല്‍ ആ ദിവസം യാത്രക്കാര്‍ വാഹനങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നാണ് യുകെയിലെ ഏറ്റവും വലിയ മോട്ടോറിംഗ് ഗ്രൂപ്പായ എഎ നല്‍കുന്ന മുന്നറിയിപ്പ്.
ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് സഞ്ചരിക്കുന്ന സീസണിലെ 'ആ' സമയം വന്നുചേരുന്നതാണ് ഈ മുന്നറിയിപ്പിന് കാരണം. വാര്‍ഷിക സമയമാറ്റത്തിന്റെ ദിവസം അപകടങ്ങള്‍ കുതിച്ചുയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2023 ഒക്ടോബറിലെ സമയമാറ്റത്തിന് പിന്നാലെയുള്ള രണ്ട് ആഴ്ചകളില്‍ വാഹനാപകടങ്ങളുടെ തോത് 11% വര്‍ദ്ധിച്ചതായാണ് നാഷണല്‍ ആക്‌സിഡന്റ് അസിസ്റ്റ് സര്‍വ്വീസ് റിപ്പോര്‍ട്ട് പ്രകാരം എഎ വ്യക്തമാക്കുന്നത്.
മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ച ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്ന ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒക്ടോബറിലെ അവസാന ഞായറാഴ്ച ഒരു മണിക്കൂര്‍ പിന്നിലേക്ക് മാറി ഗ്രിന്‍വിച്ച് മീന്‍ടൈം സ്വീകരിക്കും. ഒക്ടോബറിലെ കാലാവസ്ഥാ മാറ്റത്തില്‍ രാവിലെ നേരത്തെ ആകുകയും, വൈകുന്നേരങ്ങള്‍ നേരത്തെ ഇരുട്ടുകയും ചെയ്യും.
വൈകുന്നേരങ്ങളിലെ ഇരുട്ടും, തെന്നുന്ന റോഡുകളും, ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് തടസ്സങ്ങള്‍ നേരിടുന്നതും ചേര്‍ന്നാണ് ഒക്ടോബര്‍ അവസാനവും, നവംബര്‍ ആദ്യവും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് എഎ മുന്നറിയിപ്പ് നല്‍കുന്നു.