ഇംഗ്ലണ്ടിലും വെയില്‍സിലും ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍. അടുത്ത ജൂണ്‍ മുതല്‍ നിരോധനം നടപ്പില്‍ വരും. പ്രായപൂര്‍ത്തിയായ കുട്ടികളില്‍ നിക്കോട്ടിന്‍ ആസക്തി വര്‍ദ്ധിക്കുന്നതും മറ്റ് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചുമാണ് ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.
2024 ജനുവരിയില്‍ മുന്‍ സര്‍ക്കാര്‍ ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് നടന്നതോടെ നിരോധന തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം ഉണ്ടാവുകയായിരുന്നു.
2012 നും 2023 നും ഇടയില്‍ ഇംഗ്ലണ്ടിലെ വേപ്പിന്റെ ഉപയോഗം 400 ശതമാനത്തിലധികം വര്‍ദ്ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജനങ്ങളില്‍ 9 ശതമാനവും ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.
യുകെയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വേപ്പ് വില്‍ക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാല്‍ ഡിസ്പോസിബിള്‍ വേപ്പുകള്‍ റീഫില്‍ ചെയ്ത് ഉപയോഗിക്കുന്നവയേക്കാള്‍ ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ വില്‍ക്കുന്നത് കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയില്‍ അതിന്റെ പ്രചാരം കുതിച്ചുയരുന്നതിന് കാരണമായതായാണ് കണ്ടെത്തിയിരിക്കുന്നത്.
വേപ്പിംഗ് പുകവലിയേക്കാള്‍ ദോഷകരമല്ലെന്ന് പറയുമ്പോഴും ഇതിന്റെ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ എന്താണെന്നുള്ളതിന്റെ പഠനങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ നേരത്തെ തന്നെ ഡിസ്പോസിബിള്‍ വേപ്പുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ ഡിസ്പോസിബിള്‍ വേപ്പുകള്‍ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.