ആര്‍ എം ടി യൂണിയന്‍ പ്രഖ്യാപിച്ച, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ജീവനക്കാരുടെ സമരം താത്ക്കാലികമായി പിന്‍വലിച്ചതായി യൂണിയന്‍ അറിയിച്ചു. സമരം ഒഴിവാക്കുവാനായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണിത്. എഞ്ചിനിയര്‍മാരോടും മെയിന്റനന്‍സ് ജീവനക്കാരോടും ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പണി മുടക്കാനും കണ്‍ട്രോള്‍ റൂം, എമര്‍ജന്‍സി വിഭാഗങ്ങളിലുള്ളവരോട് അടുത്തയാഴ്ച സമരം ചെയ്യാനുമായിരുന്നു യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഇന്ന് പതിവുപോലെ ജോലിക്ക് പോകാനാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് യൂണിയന്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനുമായി നടത്തിയ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണിതെന്നും യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
എങ്കിലും നവംബര്‍ 7 നും 12 നും നടത്താന്‍ ഇരിക്കുന്ന ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ആസീഫ് യൂണിയന്റെ സമരം ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിനെ നിശ്ചലമാക്കും. ഇവരുമായും അധികൃതര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ജീവനക്കാരുടേ പേ ഗ്രേഡുകളില്‍ മാറ്റം വരുത്തുവാനുള്ള ട്രാഫിക് ഫോര്‍ ലണ്ടന്റെ തീരുമാനമാണ് ആര്‍ എം ടി യൂണിയന്റെ സമരത്തിന് കാരണമായത്.