കൗമാര കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന ബ്രിട്ടനില്‍ ഇന്നലെ ഒരു 13 കാരിക്ക് കുത്തേറ്റു. പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇവരുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇന്നലെ അതിരാവിലെ പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ ഹള്ളിന്റെ പ്രാന്തപ്രദേശത്ത് എ 63 ന് സമീപം കണ്ടെത്തുകയായിരുന്നു.
എമര്‍ജസി സര്‍വ്വീസുകാര്‍ എത്തുന്നതുവരെ പൊതുജനങ്ങളായിരുന്നു ആ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് പെണ്‍കുട്ടിയെ കഴുത്തിലും, നെഞ്ചിലും, വയറിലും മുതുകിലും കുത്തേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. മരണകാരണംവരെ ആയേക്കാവുന്ന രീതിയിലുള്ള മുറിവുകള്‍ക്ക് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഹാംബര്‍സൈഡ് പോലീസ് അറിയിച്ചു.
പരിസരത്ത് തിരച്ചില്‍ നടത്തിയ പോലീസ് 14 ഉം 15 ഉം 16 ഉം 17 ഉം വയസ്സുള്ള നാല് ആണ്‍കുട്ടികളെയും 14 ഉം 15 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തുകയായിരുന്നു. വധശ്രമം എന്ന സംശയത്തിന്റെ പേരില്‍ അവരെ ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ ആറുപേരും ഇപ്പോള്‍ കസ്റ്റഡിയിലാണ്. 13 കാരിയായ ഇര അതീവ ഗുരുതര നിലയിലാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.