ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രക്ക് തുടക്കമാവുക. ഡിസംബര്‍ 27ന് തിരുനെല്‍വേലിയിലാണ് മെഗാ റാലിയോടെ സമാപനം.
ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു വിജയ് വ്യക്തമാക്കി ഡിഎംകെയുടെ കുടുംബാധിപത്യത്തെ വിജയ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത് .
രാഷ്ട്രീയത്തിന് താന്‍ കുഞ്ഞാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്, പക്ഷേ പാമ്പ് ആണെങ്കിലും രാഷ്ട്രീയമായാലും കെെയിലെടുക്കാന്‍ തീരുമാനിച്ചാല്‍ വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുമെന്ന് വിജയ് പറഞ്ഞു. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, അഞ്ജലെെ അമ്മാള്‍, വേലു നച്ചിയാര്‍ എന്നിവരാണ് വഴിക്കാട്ടിയെന്നും വിജയ് വ്യക്തമാക്കി.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ നീക്കത്തെ ഡിഎംകെ ആശങ്കയോടെയാണ് കാണുന്നത്. അടുത്തിടെയാണ് സ്റ്റാലിന്‍ തന്റെ പിന്‍ഗാമിയായി മകന്‍ ഉദയനിധിയെ അവരോധിച്ചത്.