ലണ്ടന്‍: ലണ്ടനില്‍ നിന്ന് കോസ്റ്ററിക്കയിലെ സാന്‍ ജോസിലേക്ക് പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി. ഏകദേശം 4,000 മൈല്‍ ദൂരം പിന്നിട്ടതിന് ശേഷമാണ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കിയത്. നീണ്ട ഒന്‍പത് മണിക്കൂറാണ് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ചെലവഴിച്ചത്.
ലണ്ടനില്‍ നിന്ന് കോസ്റ്ററിക്കയിലെ സാന്‍ ജോസിലേക്ക് ഷെഡ്യൂള്‍ ചെയ്ത ബോയിങ് 777 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ലണ്ടനില്‍ നിന്ന് കോസ്റ്റാറിക്കയിലേക്കുള്ള യാത്രാസമയം സാധാരണയായി 10 മണിക്കൂറാണ്. 30 മിനിറ്റ് വൈകി പുറപ്പെട്ട വിമാനം ഏകദേശം അഞ്ച് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ലണ്ടനിലേക്ക് തിരിച്ചിറക്കുകയായിരുന്നു. അടുത്ത ദിവസം വിമാന സര്‍വീസ് പുനരാരംഭിച്ചു.
സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണില്‍ കാനഡയിലെ ന്യൂഫൗണ്ട്‌ലന്‍ഡിലേക്ക് പറന്ന ബോയിങ് 787 വിമാനം 2,300 മൈല്‍ പിന്നിട്ടതിനു ശേഷം ലണ്ടനില്‍ തിരിച്ചിറക്കിയിരുന്നു. സാധാരണയായി സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ ലണ്ടന്‍ വിമാനത്താവളത്തിലേക്കാണ് തിരിച്ചിറക്കുന്നത്.