യുകെയില്‍ സ്വന്തമായി വീടുള്ളവര്‍ വലിയ ഭാഗ്യവാന്മാര്‍, അതേസമയം വീടില്ലാത്തവരുടെ പുതിയ വീടെന്ന ആഗ്രഹം സ്വപ്നമായി മാറാനും പോകുന്നു. ആ രീതിയിലാണ് ഭവന വിപണിയുടെ മുന്നോട്ടുള്ള പോക്ക്.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ഭവനവിലയില്‍ 84,000 പൗണ്ട് വര്‍ധനവ് നേരിടുമെന്നാണ് പ്രവചനം. കുറഞ്ഞ പലിശ നിരക്കുകളും, മെച്ചപ്പെട്ട ബജറ്റിലും കാര്യം നടക്കുമെന്നതാണ് ഈ വില വര്‍ധനവിലേക്ക് നയിക്കുന്നതെന്നാണ് സൂചന. 2029 ആകുന്നതോടെ യുകെ ഹൗസിംഗ് വിപണിയില്‍ 23.4 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സിന്റെ പ്രവചനം.
നിലവില്‍ രാജ്യത്ത് താങ്ങാവുന്ന വിലയില്‍ വീട് വാങ്ങാന്‍ കഴിയുന്ന നോര്‍ത്ത് ഇംഗ്ലണ്ടിലാണ് ഏറ്റവും വലിയ വില വര്‍ധന നേരിടുക. നോര്‍ത്ത് വെസ്റ്റ് മേഖലകളിലെ വിലയില്‍ അഞ്ച് വര്‍ഷത്തിനകം 29.4 ശതമാനവും, നോര്‍ത്ത് ഈസ്റ്റില്‍ 28.2 ശതമാനവും വില ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഇപ്പോള്‍ തന്നെ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന ലണ്ടനിലെയും, സൗത്ത് ഈസ്റ്റിലെയും പ്രോപ്പര്‍ട്ടികള്‍ക്ക് കുറഞ്ഞ വില വര്‍ധനവാണ് ഉണ്ടാകുകയെന്നും സാവില്‍സ് പ്രവചിക്കുന്നു. എങ്കിലും അതും താങ്ങാനാവാത്തതുതന്നെ. യുകെയിലെ ആകെയുള്ള വില വര്‍ധനവുകളില്‍ പണപ്പെരുപ്പവുമായി അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ കണക്കുകളില്‍ 11 ശതമാനത്തോളം വര്‍ധനവും കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉയര്‍ന്ന പലിശ നിരക്കുകള്‍ മൂലം കടമെടുക്കുന്നവര്‍ അമിതഭാരം അനുഭവിക്കുകയാണ്. 2023 ജൂലൈ 26ന് രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 6.86 ശതമാനത്തില്‍ എത്തിച്ചേര്‍ന്ന് പരമോന്നതിയില്‍ എത്തിയിരുന്നു. കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നതോടെ വാങ്ങലുകാരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
ആഗസ്റ്റില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനം പോയിന്റ് കുറവ് വരുത്തിയതോടെയാണ് ചില ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതിന് ശേഷം വീണ്ടും തല ഉയര്‍ത്തിയതും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ആഘാതങ്ങളും വിപണിയെ പിടിച്ചുകുലുക്കുകയാണ്.
ജനസംഖ്യാ നിരക്ക് വര്‍ദ്ധിച്ചതോടെ വാടക വീടുകള്‍ക്കായി പിടിച്ചു പറിയാണ് നടക്കുന്നത്. വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് പോകുന്ന സ്ഥിതിയാണ്. വാടക ചെലവുകള്‍ കുതിച്ചുയരുമ്പോഴും ലോക്കല്‍ ഹൗസിംഗ് അലവന്‍സ് വര്‍ദ്ധിപ്പിക്കാത്തതില്‍ ചാന്‍സലര്‍ വിമര്‍ശനം നേരിടുന്നുണ്ട്.
ബജറ്റ് പ്രഖ്യാപനങ്ങളില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കുറഞ്ഞ വരുമാനക്കാരായ വാടകക്കാരെ ഒരുവിധത്തിലും പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഹൗസിംഗ് ബെനഫിറ്റ് ഇനത്തില്‍ ലഭിക്കുന്ന തുക മരവിപ്പിച്ച് നിര്‍ത്താനാണ് റേച്ചല്‍ റീവ്‌സ് തീരുമാനിച്ചത്. ഇത് സാധാരണക്കാരെ മുള്‍മുനയിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.