യുകെ മലയാളി സമൂഹത്തിന്റെ കടുത്ത വേദനയിലാഴ്ത്തി മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിന്റെ വിയോഗം. പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകള്‍ അഥീന (11 മാസം) യാണ് മരണമടഞ്ഞത്. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകള്‍ അഥീന മരണമടഞ്ഞത്. പനിയെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ് കുഞ്ഞിന്റെ മരണ കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു.
പനിയും ശ്വാസതടസവും മൂലമാണ് ആദ്യം പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ രണ്ട് ദിവസം മുന്‍പ് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മണിയോടെ അഥീന മരിച്ചത്.
ഐമുറി മാവിന്‍ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ . രണ്ട് വര്‍ഷം മുന്‍പ് ആണ് ജിനോയും അനിതയും യുകെയിലെത്തിയത്. കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണാഘോഷത്തില്‍ പങ്കെടുത്തിരുന്നു. അഥീനയുടെ വിയോഗത്തില്‍ വേദന താങ്ങാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.
പൊതുദര്‍ശനവും സംസ്കാരവും പിന്നീട്. ഇതിനായുള്ള ക്രമീകരണങ്ങള്‍ക്ക് സ്പാള്‍ഡിങ് മലയാളി അസോസിയേഷന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ റദ്ദാക്കി.