മാഞ്ചസ്റ്ററിലേക്ക് പോവുകയായിരുന്ന വിമാനം, ഒരു യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. അല്‍ബേനിയയിലെ ടിറാനയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് വരികയായിരുന്ന, ആര്‍ കെ 8293 എന്ന വിമാനത്തിലായിരുന്നു മരണം നടന്നത്. വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരന്‍ ഗുരുതരമായ ശാരീരികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിടാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ആംബുലന്‍സും ആരോഗ്യ പ്രവര്‍ത്തകരും എത്തിയെങ്കിലും, പരിശോധനകള്‍ക്ക് ശേഷം ഇയാള്‍ മരണമടഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്‍ വെച്ച് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി ഇയാളെ സീറ്റില്‍ നിന്നും ഇടനാഴിയിലെക്ക് മാറ്റിയതായി മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍, ഏറെ താമസിയാതെ അയാളുടെ ശ്വാസം നിലയ്ക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയില്‍ പരിശീലനം ലഭിച്ച ചിലര്‍ വിമാനത്തിനുള്ളില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. അവര്‍ സി പി ആര്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് ജീവനക്കാരും മൂന്ന് യാത്രക്കാരുമായിരുന്നു സി പി ആര്‍ നല്‍കിയത്. വിമാനം സ്റ്റാന്‍സ്റ്റെഡില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുന്നത് വരെ 25 മിനിറ്റോളം സി പി ആര്‍ നല്‍കിയിരുന്നു.
വിമാനമിറങ്ങിയതിന് ശേഷം പാരാമെഡിക്‌സും അരമണിക്കൂറോളം സി പി ആര്‍ നല്‍കി. മറ്റ് യാത്രാക്കാരോട് വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടായിരുന്നു ഇത് ചെയ്തത്. പിന്നീട് ഇതേ വിമാനത്തില്‍, മരണപ്പെട്ട വ്യക്തിയുടെ സുഹൃത്ത് ഒഴിച്ചുള്ള യാത്രക്കാരെ കയറ്റി, പുതിയ ജീവനക്കാരുമായി മാഞ്ചസ്റ്ററിലേക്ക് വിമാനം പറന്നു.