യു.കെ.വാര്‍ത്തകള്‍

പീഡന വീരന് സംരക്ഷണം: വിവാദങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മുഖ്യ ഇടയന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചു

ലൈംഗിക വേട്ടക്കാരനെ സംരക്ഷിച്ചെന്ന ആരോപണത്തില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചു. നൂറുകണക്കിന് കുട്ടികളെയും, യുവാക്കളെയും ലൈംഗിക വേട്ടയ്ക്ക് ഇരയാക്കി ഉന്നത ബാരിസ്റ്ററും, ലേ ചര്‍ച്ച് റീഡറുമായ ജോണ്‍ സ്മിത്തിനെ തടയുന്നതില്‍ പരാജയപ്പെട്ടത് നാണക്കേടാണെന്ന് സമ്മതിച്ചാണ് ജസ്റ്റിന്‍ വെല്‍ബി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ നേതൃസ്ഥാനം ഒഴിഞ്ഞത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും വെല്‍ബിയെ പിന്തുണയ്ക്കാതെ വന്നതോടെ രാജി അനിവാര്യമായി.

യുകെയിലും, സൗത്ത് ആഫ്രിക്കയിലുമായി അഞ്ച് ദശകത്തോളം നീണ്ട ജോണ്‍ സ്മിത്തിന്റെ ലൈംഗിക വേട്ടയില്‍ 130-ലേറെ ആണ്‍കുട്ടികളാണ് ക്രൂരമായി ലൈംഗികവും, ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരകളായത്. 2018-ല്‍ ഇയാള്‍ മരണപ്പെട്ടു. എന്നാല്‍ കുറ്റകൃത്യ പരമ്പര നടത്തിയ സ്മിത്തിനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നടപടി കൈക്കൊണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയതോടെയാണ് ആര്‍ച്ച്ബിഷപ്പ് കുരുക്കിലായത്.

സ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ ജസ്റ്റിന്‍ വെല്‍ബി ശ്രമിച്ചെങ്കിലും സീനിയര്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുകയും, രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള പെറ്റീഷനില്‍ 12,000-ലേറെ പേരുടെ ഒപ്പ് ലഭിക്കുകയും, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പിന്തുണ നല്‍കാന്‍ തയ്യാറാകാതെയും വന്നതോടെയാണ് വെല്‍ബിക്ക് രാജിവെയ്‌ക്കേണ്ടി വന്നത്. എന്നാല്‍ ആര്‍ച്ച്ബിഷപ്പിന്റെ രാജിയ്ക്ക് പിന്നാലെ മാകിന്‍ റിപ്പോര്‍ട്ടില്‍ സ്മിത്തിന്റെ പീഡനങ്ങളെ കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതിരുന്ന മറ്റ് ഉന്നതരും പുറത്ത് പോകണമെന്ന് ഇരകളുടെ ഹൗസ് ഓഫ് സര്‍വൈവേവ്‌സ് ആവശ്യപ്പെട്ടു.

'കൂടുതല്‍ രാജികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആര്‍ച്ച്ബിഷപ്പിനെ മാത്രം ബലിയാടാക്കരുത്. കാര്യങ്ങള്‍ അറിവുള്ള പുരോഹിതന്‍മാരുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്', അവര്‍ പറഞ്ഞു. നിലവില്‍ ലിങ്കണ്‍ ബിഷപ്പായ സ്റ്റീഫന്‍ കോണ്‍വേ ഉള്‍പ്പെടെ രാജിവെയ്ക്കാന്‍ സമ്മര്‍ദം നേരിടുന്നുണ്ട്. 2013-ല്‍ സ്മിത്തിനെതിരെ നടപടിയെടുക്കാത്തതിന് ബിഷപ്പ് മാപ്പ് പറഞ്ഞിരുന്നു.

1970-കള്‍ മുതല്‍ മരണം വരെ സ്മിത്ത് 130-ലേറെ ആണ്‍കുട്ടികളെയും, യുവാക്കളെയും ലൈംഗികവും, മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരകളാക്കിയെന്നാണ് കണ്ടെത്തല്‍. ക്രിസ്ത്യന്‍ സമ്മര്‍ ക്യാംപുകള്‍ നയിച്ചിരുന്ന ലേ റീഡര്‍ ഹാംപ്ഷയര്‍ പോലീസിന്റെ അന്വേഷണം നേരിടവെയാണ് 2018-ല്‍ 75-ാം വയസ്സില്‍ മരണപ്പെട്ടത്.

ബാരിസ്റ്റര്‍ ജോണ്‍ സ്മിത്തിന് എതിരായ റിവ്യൂവിലാണ് നൂറിലേറെ ആണ്‍കുട്ടികളെയും, യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച വിവരങ്ങള്‍ മറച്ചുവെച്ചതായി കണ്ടെത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെല്‍ബി മാപ്പ് പറഞ്ഞിരുന്നു. സംഭവങ്ങള്‍ 2013-ല്‍ തന്നെ വെല്‍ബി പോലീസിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നുവെന്ന് റിവ്യൂ കണ്ടെത്തി. 1980-കള്‍ മുതല്‍ തന്നെ സ്മിത്തിന്റെ ചെയ്തികളെ കുറിച്ച് വെല്‍ബിക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിവ്യൂ വ്യക്തമാക്കിയത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions