പീറ്റര്‍ബറോയില്‍ വിടപറഞ്ഞ, മലയാളി ദമ്പതികളുടെ മകള്‍ അഥീന(11 മാസം)മോളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാന്‍ ഒരാഴ്ചയെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിന്റെ പരാതികള്‍ കൊറോണര്‍ അടക്കമുള്ളവരില്‍ എത്തിയതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ല.
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകള്‍ അഥീന മരണമടഞ്ഞത്. പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു.
പനിയും ശ്വാസതടസവും മൂലമാണ് ആദ്യം പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ രണ്ട് ദിവസം മുന്‍പ് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മണിയോടെ അഥീന മരിച്ചത്.
ഐമുറി മാവിന്‍ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ . രണ്ട് വര്‍ഷം മുന്‍പ് ആണ് ജിനോയും അനിതയും യുകെയിലെത്തിയത്.