2035 ഓടെ 81% കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍
2035 ഓടെ 81ശതമാനം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വേളയില്‍ കാലാവസ്ഥ അനുകൂല നിയമങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങളോട് യുകെയ്ക്ക് ആഭിമുഖ്യമില്ലെന്ന് ചൂണ്ടി കാണിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2026 മാര്‍ച്ച് വരെ 11 .6 ബില്യണ്‍ പൗണ്ട് ക്ലൈമറ്റ് ഫിനാന്‍സ് നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ തീരുമാനം ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ പിന്തുടരുമോ എന്ന കാര്യത്തില്‍ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. പുതിയതായി 1300 പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന കാറ്റാടി വൈദ്യുത പദ്ധതിയില്‍ 1 ബില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കാര്‍ബണ്‍ എമിഷനെ കുറയ്ക്കാന്‍ സഹായിക്കുന്നതിനാണ്.
കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതില്‍ ലോക രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ആഗോളതാപനം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യു എന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. 2015 – ലെ പാരീസ് ഉടമ്പടിയില്‍ 2050 ഓടെ നെറ്റ് സീറോ എമിഷന്‍ എന്നത് ജി 20 രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ഈ ലക്ഷ്യത്തിലേയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യുകെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ കര്‍ശനമായ നയങ്ങള്‍ ബ്രിട്ടീഷ് ജനതകളെ കഷ്ടതയിലാക്കുമെന്ന് ഷാഡോ എനര്‍ജി സെക്രട്ടറി ക്ലെയര്‍ കുട്ടീഞ്ഞോ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.