ലണ്ടന്‍/കോട്ടയം: യുകെയിലെ നഴ്സുമാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനകരമായ, അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്(ആര്‍സിഎന്‍) പ്രസിഡന്റ് സ്ഥാനത്തെ മിന്നും വിജയം ബിജോയ് സെബാസ്റ്റ്യന്‍ ആഘോഷിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍. പോസ്റ്റല്‍ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിന്റെ അവസാന നാളുകളില്‍ ബിജോയ് കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്ന പ്രൊജക്റ്റിന്റെ ഭാഗമായാണ് ബിജോയ് ഉള്‍പ്പെടുന്ന നഴ്സുമാരുടെ സംഘം നാട്ടില്‍ എത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്ന ബിജോയ് ഒരു വര്‍ഷം അവിടെ നഴ്സായി സേവനം ചെയ്തിരുന്നു.
മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുള്‍പ് കൂടെ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ആഹ്ലാദ നിമിഷം പങ്കിടാന്‍ അവിടെ എത്തിയിരുന്നു. അതിലൊരാളായ നഴ്സ് ഷൈന്‍ ജോസഫിനെ കൂടെ വിളിച്ചു നിര്‍ത്തി കേക്ക് മുറിച്ചാണ് ബിജോയ് ആര്‍സിഎന്‍ വിജയം ആഘോഷിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പ്രോജക്ട് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ സന്ദര്‍ശിച്ച് ബിജോയ് ഉള്‍പ്പെടുന്ന സംഘം പങ്ക് വെച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി ഏബ്രഹാം എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ച യുകെ നഴ്സുമാര്‍. ബിജോയ് നവംബര്‍ 25 ന് യുകെയില്‍ തിരിച്ചു എത്തും.
ആര്‍സിഎന്‍ ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ നേതൃത്വത്തിലേക്ക് ആദ്യമായാണ് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. ബിജോയ് സെബാസ്റ്റ്യനെ പ്രസിഡന്റ് ആയും പ്രൊഫസര്‍ ആലിസണ്‍ ലീറി യെ ഡെപ്യൂട്ടി പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് തന്നെ ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആര്‍സിഎന്‍. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സാണ്.
യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് വന്‍ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ല്‍ ബ്രിട്ടനിലാണ് റോയല്‍ കോളജ് ഓഫ് നഴ്സിങ്ങ് പ്രവര്‍ത്തനം ആരംഭിച്ചത്.
കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ പുന്നപ്ര വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിങ് പഠനത്തിനും ഒരുവര്‍ഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാന്‍ഡ്-5 നഴ്സായി ബിജോയ് ബ്രിട്ടനില്‍ എത്തിയത്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ല്‍ ബാന്‍ഡ്-6 നഴ്സായും 2016ല്‍ ബാന്‍ഡ്-7 നഴ്സായും കരിയര്‍ മെച്ചപ്പെടുത്തി. 2021ലാണ് ബാന്‍ഡ്-8 തസ്തികയില്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. 2012ല്‍ റോയല്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ അംഗത്വം എടുത്തു.
ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമര്‍സ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേല്‍. ബിജോയിയുടെ സഹോദരി ബ്ലസിയും ഭര്‍ത്താവ് ജിതിനും ലണ്ടനില്‍ നഴ്സുമാരാണ്.
റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന്‍; യുകെ മലയാളി സമൂഹത്തിനു ചരിത്ര നേട്ടം