ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂടുന്നു. അടുത്ത വര്‍ഷം നാലില്‍ മൂന്ന് യൂണിവേഴ്‌സിറ്റികളും ചുവപ്പ് വര കടന്ന് സാമ്പത്തിക അപകടാവസ്ഥയിലാകുമെന്നാണ് മുന്നറിയിപ്പ്. ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ വിസ കുറച്ചത്തിനു പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് കൂട്ടിയത് യൂണിവേഴ്‌സിറ്റികള്‍ക്കു വലിയ വെല്ലുവിളിയാവുകയാണ്. സ്വദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് കൂട്ടിയാലും പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണ്.
2025-26 വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റികള്‍ നേരിടുന്ന 3.4 ബില്ല്യണ്‍ പൗണ്ടിന്റെ വരുമാന ഇടിവ് നേരിടാന്‍ ശക്തവും, പുരോഗമനപരവുമായ നടപടിയാണ് വേണ്ടതെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് ചൂണ്ടിക്കാണിക്കുന്നു. യൂണിവേഴ്‌സിറ്റികള്‍ ലയിപ്പിക്കുകയോ, ചെലവുകള്‍ പങ്കിടുകയോ ചെയ്യുന്നത് ഉള്‍പ്പെടെ പരിഗണിക്കേണ്ടതായി വരും.
ആഭ്യന്തര അണ്ടര്‍ഗ്രാജുവേറ്റ് ഫീസ് അടുത്ത വര്‍ഷം മുതല്‍ 9535 പൗണ്ടിലേക്ക് ഉയര്‍ത്തിയത് വഴി 371 മില്ല്യണ്‍ പൗണ്ട് കണ്ടെത്താമെങ്കിലും ഉയര്‍ന്ന നാഷണല്‍ ഇന്‍ഷുറന്‍സ് അടവ് 430 മില്ല്യണ്‍ പൗണ്ട് കവരുന്ന സ്ഥിതിയാണ്. യുകെ വിദ്യാര്‍ത്ഥികള്‍ക്കായി പിടിവലി നടക്കുമ്പോള്‍ ചില സ്ഥാപനങ്ങള്‍ പുറത്താകും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകള്‍ കുത്തനെ കുറഞ്ഞത് സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും, ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സൂസന്‍ ലാപ്‌വര്‍ത്ത് ചൂണ്ടിക്കാണിച്ചു.
ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം ഈ വര്‍ഷം അനുവദിച്ച സ്റ്റുഡന്റ് വിസയില്‍ 16% ഇടിവുണ്ട്. കൂടാതെ യുകെ അണ്ടര്‍ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളുടെ എണ്ണവും പ്രതീക്ഷിച്ച തോതില്‍ ഉയരില്ലെന്നാണ് ആശങ്ക. 2025-26 ആകുന്നതോടെ പല സ്ഥാപനങ്ങളുടെ പക്കലും 30 ദിവസത്തെ മാത്രം പണമാകും ബാക്കിയുണ്ടാവുകയെന്നാണ് റെഗുലേറ്റര്‍ പ്രവചിക്കുന്നത്.