ഈസ്റ്റ് ലണ്ടനില്‍ കാണാതായ യുവതിയുടെ ജഡം കാറിന്റെ ഡിക്കിയില്‍ നിന്ന് കണ്ടെത്തി. മൃതദേഹം കാണാതായ 24-കാരി ഹര്‍ഷിത ബ്രെല്ലയുടേതെന്ന് സ്ഥിരീകരണം ലഭിച്ചു. ബ്രെല്ലയെ ലക്ഷ്യമിട്ട് നടന്ന കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച മുതല്‍ ഹര്‍ഷിത ബ്രെല്ലയെ കാണാതായിരുന്നു. പൊതുജനങ്ങളില്‍ നിന്നും വിവരം ലഭിച്ച് പോലീസ് കോര്‍ബി, സ്‌കെഗ്നെസ് വാക്കിലെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കാണാതായെന്ന നിഗമനത്തില്‍ അന്വേഷണം തുടങ്ങിയത്.
എന്നാല്‍ വ്യാഴാഴ്ച ഞെട്ടിക്കുന്ന കണ്ടെത്തലിലേക്കാണ് പോലീസിനെ നയിച്ചത്. ഈസ്റ്റ് ലണ്ടനില്‍ ഒരു കാറിന്റെ പിന്നില്‍ നിന്നും 24-കാരിയുടെ മൃതദേഹമാണ് പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ച ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
ഹര്‍ഷിതയെ പരിചയമുള്ള വ്യക്തിയില്‍ നിന്നുമാണ് അക്രമം നേരിട്ടതെന്നാണ് കരുതുന്നതെങ്കിലും ഇതില്‍ മാത്രമായി അന്വേഷണം ഒതുക്കുന്നില്ലെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജോണി കാംപെല്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടണമെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു.
ഇരയെ നേരത്തെ ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് മുന്‍പാകെ നിര്‍ബന്ധിത റഫറല്‍ നടത്തിയിട്ടുണ്ട്.