അഥീന മോളുടെ പൊതു ദര്‍ശനം 21ന് സ്പാള്‍ഡിങ്ങില്‍; സംസ്‌കാരം നാട്ടില്‍
പനിയെ തുടര്‍ന്ന് ചികിത്സയിസിരിക്കേ യുകെയില്‍ മരിച്ച മലയാളി ദമ്പതികളുടെ മകള്‍ അഥീന മോളുടെ(11മാസം) സംസ്‌കാരം നാട്ടില്‍ നടത്തും. സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലെത്തിക്കും മുമ്പ് പൊതുദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് യുകെയിലെ പ്രിയപ്പെട്ടവര്‍.
21ന് പീറ്റര്‍ബറോയ്ക്ക് സമീപമുള്ള സ്പാള്‍ഡിങ്ങിലെ സെന്റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതു ദര്‍ശനം നടക്കുക. ഉച്ചയ്ക്ക് 12നാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. അഥീനയെ അവസാനമായി കാണാനും പൂക്കള്‍ അര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ദേവാലയത്തിലേക്ക് എത്താവുന്നതാണ്.
സംസ്‌കാരം പിന്നീട് കുറുപ്പുംപടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതയുടേയും മകളാണ് അഥീന. പനിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു അഥീന. പനിയും ശ്വാസ തടസവും മൂലമാണ് പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ മരണത്തിന് രണ്ടു ദിവസം മുമ്പ് പ്രവേശിപ്പിച്ചു. അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് നവംബര്‍ 9ന് പുലര്‍ച്ചെ നാലു മണിയോടെ അഥീന മരിച്ചത്.
പെരുമ്പാവൂര്‍ ഐമുറി മാവിന്‍ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോര്‍ജ്. രണ്ടുവര്‍ഷം മുമ്പാണ് ജിനോയും കുടുംബവും യുകെയിലെത്തിയത്. ഡിസംബര്‍ 28ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കാനാരിക്കേ ആയിരുന്നു അഥീനയുടെ മരണം.