ലണ്ടന്‍: യുകെ യൂത്ത് പാര്‍ലമെന്റ് അംഗമായി കൊല്ലം കുണ്ടറ സ്വദേശിനി അംന സഫ തടത്തിലിനെ (16)തെരഞ്ഞെടുത്തു. സ്‌കോഡ്ലന്‍ഡ് ലോത്തിയാന്‍ ഡിവിഷനില്‍നിന്നാണ് അംന വിജയിച്ചത്. കുണ്ടറ ഇളമ്പള്ളൂര്‍ തടത്തില്‍ വീട്ടില്‍ തടത്തില്‍ അന്‍സാറിന്റെയും മലപ്പുറം നിലമ്പൂര്‍ പാതാര്‍ പൂക്കോടന്‍ ഉമൈറത്തിന്റെയും മകളാണ് അംന. നിലവില്‍ സ്‌കോഡ്ലന്‍ഡ് യൂത്ത് പാര്‍ലമെന്റ് അംഗവും വിദ്യാഭ്യാസ സബ് കമ്മിറ്റി അംഗവുമാണ്.
ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പൊതു തെരഞ്ഞെടുപ്പിലൂടെയും സ്‌കോഡ്ലന്‍ഡില്‍ യൂത്ത് പാര്‍ലമെന്റ് അംഗങ്ങളില്‍നിന്ന് വോട്ടെടുപ്പിലൂടെയുമാണ് തെരഞ്ഞെടുപ്പ്. 203 മണ്ഡലങ്ങളില്‍നിന്ന് വോട്ടെടുപ്പിലൂടെയും വിവിധ വിഭാഗങ്ങളില്‍നിന്നു നോമിനേറ്റ് ചെയ്തും യുകെയില്‍ സ്ഥിരതാമസക്കാരായ 11നും 18നും ഇടയില്‍ പ്രായമുള്ള 300 പേരെയാണ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്.
യുകെ പാര്‍ലമെന്റ് ലോവര്‍ സഭയായ ഹൗസ് ഓഫ് കോമണിലാണ് വാര്‍ഷിക സമ്മേളനങ്ങള്‍ ചേരുന്നത്. എഡിന്‍ബര്‍ഗ് ഫിര്‍ഹില്‍ ഹൈസ്‌കൂളില്‍ എസ് 5 (പ്ലസ് ടുവിന് തുല്യം) വിദ്യാര്‍ഥിനിയാണ് അംന സഫ. ഇതേ സ്‌കൂളിലെ എസ് 1 വിദ്യാര്‍ഥി അദ്‌നാന്‍ അഹമദ് തടത്തില്‍ സഹോദരനാണ്.