യുകെയില്‍ ഗര്‍ഭിണികളും അമ്മമാരാകാര്‍ ചികിത്സയിലുള്ളവരും എന്‍എച്ച്എസ് ഒഴിവാക്കേണ്ട സ്ഥിതി. രാജ്യത്തു ഉടനീളമുള്ള ഗൈനക്കോളജി അപ്പോയിന്റ്മെന്റുകള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ഇരട്ടിയായി വര്‍ധിച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . 2020 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആണ് ഇത്രയും വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം മുക്കാല്‍ ദശലക്ഷം (755, 046) സ്ത്രീകള്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടര്‍മാരെ കാണാന്‍ കാത്തിരിക്കുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കോവിഡ് മഹാമാരിക്ക് മുമ്പ് ഈ വെയിറ്റിംഗ് ലിസ്റ്റ് 630, 000 മാത്രമായിരുന്നു. യുകെയില്‍ ഉടനീളം ആരോഗ്യ മേഖലയിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അതീവ ഗുരുതരമായി നിലനില്‍ക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടി കാണിച്ചു. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകളില്‍ പലരും കടുത്ത നിരാശയിലാണെന്നും ഒരു മാറ്റം അനിവാര്യമാണെന്നും റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകളുടെ (ആര്‍സിഒജി) പ്രസിഡന്റ് ഡോ. റാണി താക്കര്‍ പറയുന്നു. സ്ത്രീകളെ മാത്രം ബാധിക്കുന്ന യുകെയില്‍ ഉടനീളമുള്ള ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യാലിറ്റി ഗൈനക്കോളജി ആണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ 4700 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കാത്തിരിപ്പ് സമയം കൂടിയതിനോട് അനുബന്ധിച്ച് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ അനുഭവ കഥകള്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്.
സമാന വിഷയത്തില്‍ ദുരിതം പേറുന്ന നോര്‍ത്ത് വെയില്‍സിലെ റെക്‌സാമിന് സമീപമുള്ള അന്ന കൂപ്പറിന്റെ അനുഭവം ബിബിസി ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. വിവിധതരം അസുഖങ്ങളെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ 17 ഓപ്പറേഷനുകള്‍ നേരിടേണ്ടി വന്ന അന്നയുടെ ജീവിതം എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം മൂലം ദുരിത പൂര്‍ണമാണ്. ഓപ്പറേഷനുകള്‍ക്ക് ശേഷം വീണ്ടും പ്രശ്നങ്ങള്‍ നേരിട്ടതിനാല്‍ അവള്‍ വീണ്ടും എന്‍എച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റിലാണ്. തുടക്കത്തിലെ തന്റെ രോഗം തിരിച്ചറിയുന്നതിനും പരിചരണത്തിലുമുണ്ടായ കാലതാമസം ആണ് തന്നെ ഒരു തീരാ രോഗി ആക്കിയതെന്ന് 31 വയസ്സുകാരിയായ അന്ന കൂപ്പര്‍ പറഞ്ഞു. അന്ന ഒരു പ്രതീകമാണ്.