താപനില കൂപ്പുകുത്തിയതോടെ ബ്രിട്ടനിലെ പ്രായമായവരുടെയും രോഗികളുടെയും ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കകള്‍ . ആറ് ദിവസത്തേക്ക് ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി. ഈയാഴ്ച വടക്ക് കിഴക്കന്‍ മേഖലയില്‍ താപനില മൈനസ് എട്ട് ഡിഗ്രി വരെ താഴാന്‍ ഇടയുണ്ട്. ബ്രിട്ടന്‍ ലക്ഷ്യമാക്കി നീങ്ങുന്ന ആര്‍ക്ടിക് ശീതവായു പ്രവാാഹം ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഹിമപാതവും കൊണ്ടുവരും എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.
ഏറ്റവും കഠിനമായ ശൈത്യകാല കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഈ വര്‍ഷം ആദ്യമായി പുറത്തിറക്കുന്ന ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് നവംബര്‍ 23 ശനിയാഴ്ച വരെ നിലനില്‍ക്കും. താപനില താഴുന്നതോടെ പ്രായമേറിയവര്‍ക്കും, മറ്റ് രോഗബാധിതര്‍ക്കും സ്ഥിതി കൂടുതല്‍ ക്ലേശകരമാകാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് എന്‍ എച്ച് എസ്സിലേക്കുള്ള രോഗികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും എന്‍ എച്ച് എസ്സിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്തേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ ഈസ്റ്റ് മിഡ്‌ലന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, കിഴക്കന്‍ ഇംഗ്ലണ്ട്, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്,. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്,. യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് ആംബര്‍ അലര്‍ട്ട് പ്രാബല്യത്തില്‍ ഉള്ളത്. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിനും തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിനും ലണ്ടന്‍ നഗരത്തിനും ബാധകമായ പുതിയൊരു അലര്‍ട്ട് ഇന്ന് രാവിലെ 8 മണി മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. താപനില താഴ്ന്നതോടെ പ്രായമായവരും, രോഗബാധിതരും ആയ വ്യക്തികളെ കൂടെക്കൂടെ അന്വേഷിച്ചുകൊണ്ടിരിക്കണമെന്നും യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി നിര്‍ദ്ദേശിക്കുന്നു.
ഷെറ്റ്‌ലാന്‍ഡ്, ലെര്‍വിക്കില്‍ 2 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായി. എന്നാല്‍, ഇന്നു മുതല്‍ മഞ്ഞുവീഴ്ച കൂടുതല്‍ ശക്തവും വ്യാപകവുമാകും. വര്‍ഷത്തില്‍ ഈ സമയത്ത് ഉണ്ടാകേണ്ട ശരാശരി താപനിയിലും താഴെയാകും വരും ദിവസങ്ങളിലെ താപനില. വെള്ളിയാഴ്ച ലണ്ടനില്‍ താപനില മൈനസ് 2 ഡിഗ്രി വരെ താഴാമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബിര്‍മ്മിംഗ്ഹാമില്‍ മൈനസ് 4 ഡിഗ്രി വരെയും വിദൂര വടക്കന്‍ മേഖലകളില്‍ മൈനസ് 7 ഡിഗ്രി വരെയും താപനില താഴും. സമുദ്ര നിരപ്പില്‍ നിന്നും 200 മീറ്ററില്‍ അധികം ഉയരമുള്ള പ്രദേശങ്ങളില്‍ 5 മുതല്‍ 10 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടാകും സമുദ്ര നിരപ്പില്‍ നിന്നും 300 മീറ്ററില്‍ അധികം ഉയരത്തിലുള്ള പ്രദേശങ്ങളില്‍ 15 മുതല്‍ 20 സെന്റിമീറ്റര്‍ വരെയും താഴ്ന്ന പ്രദേശങ്ങളില്‍ 2 മുതല്‍ 10 സെന്റിമീറ്റര്‍ വരെയും മഞ്ഞുവീഴ്ചയുണ്ടാകും.