യുകെയില്‍ തൊഴില്‍ രഹിതരും പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഉള്‍പ്പെടാത്തതോ ആയ യുവതീ യുവാക്കളെ എണ്ണം കൂടി വരുന്നത് കടുത്ത ആശങ്കയുയര്‍ത്തുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് 16 നും 24 നും ഇടയില്‍ പ്രായമുള്ള 7,89,000 ആളുകളാണ് തൊഴിലിലോ, പൂര്‍ണ്ണസമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏര്‍പ്പെടാതെ ഉള്ളത്. ഇതേ പ്രായ പരിധിയിലുള്ള 4,22,000 പേര്‍ തൊഴില്‍ അന്വേഷകരായും ഉണ്ട്. ഇതോടെ തൊഴില്‍ രഹിതരായ യുവതലമുറയുടെ ആകെ എണ്ണം 12 ലക്ഷത്തില്‍ അധികമായി. രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്.
കൂടി വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും അതുപോലെ സ്‌കില്‍സ് ട്രെയിനിംഗ്, അപ്രന്റീസ്ഷിപ് എന്നിവ ആവശ്യത്തിനില്ലാത്തതുമാണ് ഇതിനു കാരണമെന്ന് വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ ഇല്ലാത്തവരും, വിദ്യാഭ്യാസ- പരീശീലനങ്ങളില്‍ ഏര്‍പ്പെടാത്തവരുമായവരുടെ എണ്ണം, രാജ്യത്ത് ഏറ്റവും കുറവുള്ള തെക്ക് കിഴക്കന്‍ മേലയുടേതിന് സമമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കുറച്ചാല്‍ പ്രതിവര്‍ഷ ജി ഡി പിയില്‍ 23 ബില്യന്‍ പൗണ്ടിന്റെ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ വിശകലനത്തില്‍ വ്യക്തമാക്കുന്നത്.
മുന്‍കാലങ്ങളില്‍ വേജ് സബ്‌സിഡി പദ്ധതികള്‍ ഉപയോഗിച്ച് യുവാക്കളെ തൊഴിലിടങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. കോവിഡ് കാലത്ത് 16 നും 24 നും ഇടയിഉള്ളവര്‍ക്ക് ആറ് മാസക്കാലം വരെ ശമ്പളം നല്‍കുന്ന പദ്ധതി ടോറി സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഇത് പ്രധാനമായും നടപ്പിലാക്കിയത് 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം വിവിധ ലേബര്‍ സര്‍ക്കാരുകള്‍ രൂപീകരിച്ച ഫ്യൂച്ചര്‍ ജോബ്‌സ് ഫണ്ടിനെ അടിസ്ഥാനമാക്കിയായിരുന്നു.