കൈയില്‍ പണം ഉള്ളവര്‍ക്ക് ഇപ്പോള്‍ യുകെയില്‍ വീട് വാങ്ങാന്‍ പറ്റിയ സമയമാണ്. കാരണം ശരാശരി വീട് വിലയില്‍ 5000 പൗണ്ട് വരെ ഇടിവ് സംഭവിച്ചിരിക്കുകയാണ്. റൈറ്റ് മൂവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റ്വും പുതിയ കണക്കുകള്‍ പ്രകാരം, നവംബര്‍ മാസത്തില്‍, ഒരു വീടിന്റെ വിലയില്‍ ശരാശരി 5000 പൗണ്ടിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.യു കെയില്‍ ആകമാനം പരിശോധിച്ചാല്‍ ഒരു ശരാശരി വീടിന് ചോദിക്കുന്ന വില ഇപ്പോള്‍ 3,66,592 പൗണ്ടാണ്. അതായത്, കഴിഞ്ഞ മാസത്തേക്കാള്‍ 1.4 ശതമാനം അല്ലെങ്കില്‍ 5,366 പൗണ്ട് കുറവ്. സാധാരണയായി ഈ സമയത്ത് വീട് വിലയില്‍ ഉണ്ടാകുന്ന കുറവ് 0.8 ശതമാനം ആയിരിക്കും.
ഭവന വിപണി കഴിഞ്ഞ രണ്ട് മാസക്കാലമായി സ്തംഭനാവസ്ഥയിലാണ്. വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നവര്‍ ശരത്ക്കാല ബജറ്റിനായി കാത്തിരുന്നതായിരുന്നു പ്രധാന കാരണം. ബജറ്റ് പൂര്‍വ്വ ആശങ്കകള്‍ ബജറ്റാനന്തര നിരാശകളായി മാറിയതോടെ വിപണി ഏതാണ്ട് നിശ്ചലമാകുന്ന അവസ്ഥയില്‍ എത്തി. അതുകൊണ്ടു തന്നെയാണ് സാധാരണ ക്രിസ്ത്മസ് കാലത്ത് വീടുകളുടെ വിലയില്‍ ഉണ്ടാകാറുള്ള കുറവിനേക്കാള്‍ കൂടിയ നിരക്കില്‍ ഇപ്പോള്‍ വീടുകള്‍ക്ക് വില കുറയുന്നത്. മോര്‍ട്ട്‌ഗേജ് നിരക്ക് അടുത്തെങ്ങും കുറയില്ല എന്ന് മാത്രമല്ല, അധികം വൈകാതെ വര്‍ദ്ധിക്കാനും ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
പുതിയ ഫിക്സ്ഡ് നിരക്ക് മോര്‍ട്ട്‌ഗേജുകളുടെ വില കൂടിക്കൂടി വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ബജറ്റിലെ നില നയങ്ങള്‍ വായ്പാ ദാതാക്കളെ ഫിക്സ്ഡ് ഡീലുകളുടെ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ പ്രവണത തുടരുകയാണെങ്കില്‍ ഇനിയും കുറേക്കാലം കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത.
ഒട്ടുമിക്ക ഹൈസ്ട്രീറ്റ് വായ്പാ ദാതാക്കളും തങ്ങളുടെ ഫിക്സ്ഡ് ഡീലുകളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ഛു. ബാര്‍ക്ലേസ് 0.56 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍, മറ്റു പലരും ചെറിയ തോതില്‍ വര്‍ദ്ധനവ് വരുത്തി. ഇപ്പോള്‍ ഒരു അഞ്ചു വര്‍ഷത്തെ ഫിക്സ്ഡ് ഡീലിന്റെ ശരാശരി നിരക്ക് 5.23 ശതമാനമാണ് കഴിഞ്ഞ തിങ്കളാഴ്ച ഇത് 5.14 ശതമാനമായിരുന്നു. 3 ലക്ഷത്തിന്റെ മോര്‍ട്ട്‌ഗേജ് ഉള്ള ഒരു വ്യക്തിക്ക് ഇപ്പോള്‍ പ്രതിമാസം 17 പൗണ്ട് അല്ലെങ്കില്‍ പ്രതിവര്‍ഷം 204 പൗണ്ട് അധികമായി നല്‍കണം.