അന്‍പത്തേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്ത വ്യക്തി തൊണ്ണൂറ്റിരണ്ടാം വയസില്‍ പിടിയില്‍. 1967 ല്‍ ലൂസിയ ഡണ്‍ എന്ന വനിതയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്ത കേസില്‍ ആണ് സഫോക്കിലെ ഇപ്സ്വിച്ച് ഭാഗത്തുള്ള ഈ പെന്‍ഷന്‍കാരന്‍ അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെ ഫൊറെന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് പെന്‍ഷന്‍കാരന്‍ അറസ്റ്റിലായത്.
അന്‍പത്തേഴ് വര്‍ഷം മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയപ്പൊള്‍ ഡണ്ണിന് പ്രായം 75 ആയിരുന്നു. ബ്രിസ്റ്റോളിലെ ബ്രിട്ടാനിയ റോഡില്‍ ആയിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് പ്രതിയ്ക്ക് മുപ്പതുകളില്‍ ആയിരുന്നു പ്രായം.
കഴിഞ്ഞ വര്‍ഷമായിരുന്നു കേസ് പുനരന്വേഷണത്തിന് എടുത്തത്. ഫൊറെന്‍സിക് ശാസ്ത്രത്തിലെ വളര്‍ച്ചയാണ് ഇപ്പോള്‍ ഈ കേസ് തെളിയുന്നതിന് ഇടയായത്. തന്റെ വീടിന്റെ പൂമുഖത്തായിരുന്നു ഡണ്ണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാണ്ട് ആറ് പതിറ്റാണ്ടിനടുത്ത് കഴിഞ്ഞെങ്കിലും, പ്രദേശവാസികളുടെ മനസ്സില്‍ ഇന്നും ആ സംഭവം മങ്ങാതെ നിലനില്‍ക്കുന്നുണ്ട്. കേസ് അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് അറിയിച്ചു.