ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ ഇരുതലമൂര്‍ച്ചയുള്ള ബജറ്റ് പ്രഖ്യാപനങ്ങളില്‍ തിരിച്ചടി നേരിടേണ്ടിവരുന്ന രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഇതിനു തടയിടാനുള്ള നടപടികള്‍ ആലോചിക്കുന്നു. തൊഴിലവസരങ്ങള്‍ കുറച്ചും വിലകൂട്ടിയും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണവര്‍. വിലകൂട്ടുന്നത് ജനത്തിന് വലിയ തിരിച്ചടിയാവും. അതുപോലെ തൊഴിലവസരങ്ങള്‍ കുറയുന്നത് മലയാളികളെയും ബാധിക്കും.
പ്രധാനമായ നാഷണല്‍ ഇന്‍ഷുറന്‍സ് തുകയിലുള്ള വര്‍ധന മൂലം പ്രമുഖ റിട്ടെയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ടെസ്‌കോ, അസ്‌ഡ, ആല്‍ഡി, മോറിസണ്‍സ്, സെയിന്‍സ്‌ബറി തുടങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകളില്‍ വരാനിരിക്കുന്ന 25 ബില്യണ്‍ പൗണ്ടിന്റെ വര്‍ധനവാണ് ഇതിന് കാരണമെന്ന് ചാന്‍സലര്‍ക്ക് എഴുതിയ തുറന്ന കത്തില്‍ ഇവര്‍ വ്യക്തമാക്കി. പുതിയ മാറ്റങ്ങള്‍ വിലവര്‍ധനവിന്റെ ആവശ്യകത വര്‍ധിപ്പിച്ചതായും, തൊഴിലവസരങ്ങള്‍ വെട്ടി കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാനങ്ങള്‍ ശക്തമാക്കുവാന്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ അനിവാര്യമാണെന്ന് ട്രഷറി വക്താവ് പ്രതികരിച്ചു.
എന്നാല്‍ താന്‍ കത്ത് കണ്ടതായും, കത്തില്‍ രേഖപ്പെടുത്തുന്നത് പോലെ ജോലികളെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രു പ്രതികരിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും, ഇതിനെ പിന്തുണയ്ക്കുന്നതില്‍ ബിസിനസുകള്‍ക്കുള്ള പങ്ക് തങ്ങള്‍ തിരിച്ചറിയുന്നതായും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ചെലവുകളുടെ വ്യാപ്തിയും അവ സംഭവിക്കുന്ന വേഗതയും ബിസിനസ്സുകള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ചാന്‍സലറെ നേരിട്ട് കാണാനുള്ള അവസരം തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ചര്‍ച്ചയിലൂടെ കൂടുതല്‍ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനത്തിനുശേഷം നിരവധി റീട്ടെയില്‍ ഉടമകള്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും, ആദ്യമായാണ് ഇത്തരത്തില്‍ ഔദ്യോഗികമായി ഒരു കത്ത് ചാന്‍സലര്‍ക്ക് നല്‍കുന്നത്. പൊതു സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കുന്നതിനാണ് ആവശ്യമായ നികുതി വര്‍ധനയെന്നാണ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. ബജറ്റ് പ്രകാരം, അടുത്ത ഏപ്രില്‍ മുതല്‍, എല്ലാ വന്‍കിട ബിസിനസ്സുകളും അവര്‍ ജോലി ചെയ്യുന്ന ഓരോ അംഗത്തിനും ഉയര്‍ന്ന ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകള്‍ (എന്‍ഐസി) നല്‍കേണ്ടിവരും. ഇതോടൊപ്പം തന്നെ ഏപ്രില്‍ മുതലുള്ള മിനിമം വേതന വര്‍ധനവും ഈ മേഖലയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. കൂടാതെ, 2025 ഒക്ടോബര്‍ മുതല്‍ ഒരു പുതിയ പാക്കേജിംഗ് ടാക്സും പ്രാബല്യത്തില്‍ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല.