അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേര്‍പിരിയുമോയെന്നതില്‍ സ്ഥിരീകരണമായി. വിവാഹമോചനം പ്രഖ്യാപിച്ച് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ആദ്യമായി ചെന്നൈയിലെ കുടുംബ കോടതിയിലെത്തി. ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാന്‍ സാദ്ധ്യതയുള്ളതായി ഇടയ്ക്കു അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മൂന്ന് പ്രാവശ്യം ഇരുവരും ഹിയറിംഗിന് എത്താതിരുന്നതാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയത്. എന്നാലിന്ന് ഇരുവരും കോടതിയില്‍ ഹാജരായതോടെ വീണ്ടും ഒന്നിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമായി.
വിവാഹമോചന കേസ് പരിഗണിച്ച ജഡ്ജി നവംബര്‍ 27ലേയ്ക്ക് വാദം കേള്‍ക്കുന്നത് മാറ്റിവച്ചു. ഇതേ ദിവസമായിരിക്കും അന്തിമ വിധി പറയാനും സാദ്ധ്യത. ഐശ്വര്യയും ധനുഷും കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. മാസ്‌ക് കൊണ്ട് മുഖം മറച്ചാണ് ഇരുവരും എത്തിയത്. മുണ്ടും ഷര്‍ട്ടും രുദ്രാക്ഷ മാലയും ധരിച്ചാണ് ധനുഷ് എത്തിയത്.
ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ 2004ല്‍ തന്റെ 21ാം വയസിലാണ് ധനുഷ്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തത്. യാത്ര, ലിംഗ എന്നീ രണ്ട് ആണ്‍മക്കളുണ്ട് ദമ്പതികള്‍ക്ക്.
'പതിനെട്ട് വര്‍ഷമായി സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും ഒരുമിച്ച് നില്‍ക്കുന്നു. ഈ യാത്ര വളര്‍ച്ചയുടെയും പരസ്പരധാരണകളുടെയും വിട്ടുവീഴ്ചകളുടേതുമായിരുന്നു. ഇന്ന് ഞങ്ങള്‍ രണ്ട് പേരും രണ്ട് പാതയിലാണ്. ദമ്പതികളെന്ന നിലയില്‍ നിന്ന് വേര്‍പിരിയാല്‍ ഞാനും ഐശ്വര്യയും തീരുമാനിച്ചിരിക്കുകയാണ്.
വ്യക്തിയെന്ന നിലയില്‍ ഞങ്ങളെ പരസ്പരം മനസിലാക്കുന്നതിന് ഇനി സമയം തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഈ ഘട്ടത്തെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു" - എന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതായി അറിയിച്ചത്.