ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള ബില്ലവതരണത്തിനു മുന്നേ ഭരണ പക്ഷത്തേയും പ്രതിപക്ഷത്തെയും മുതിര്‍ന്ന എംപിമാര്‍ ബില്ലിനെതിരെ രംഗത്ത്. സുപ്രധാന ബില്ലില്‍ നവംബര്‍ 29 വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഇതൊരു സ്വതന്ത്ര വോട്ടെടുപ്പായാണ് നടക്കുന്നത്. പാര്‍ട്ടി വിപ്പില്ലാതെ എംപിമാര്‍ക്ക് ഇതിനെ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന കാര്യത്തില്‍ സ്വയം തീരുമാനിക്കാം. അതിനാല്‍ ബില്ലിന്റെ ഭാവി എന്തെന്ന് വോട്ടെടുപ്പിന് ശേഷമേ പറയാനാവൂ.
ഏറ്റവും അധിക കാലം എംപിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ലേബര്‍ പാര്‍ട്ടി എംപി ഡയാന്‍ ആബട്ടും കണ്‍സര്‍വേറ്റിവ് എംപി സര്‍ എഡ്വേര്‍ഡ് ലീയും ബില്ലിനെതിരെ പ്രസ്താവനയിറക്കി. ധൃതിയില്‍ ഇതു നടപ്പാക്കിയാല്‍ ദുര്‍ബലരായ ആളുകള്‍ അപകടത്തിലാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
വിവിധ എംപിമാര്‍ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉള്‍പ്പെടെ എതിര്‍ക്കുന്നുണ്ടെങ്കിലും കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ അധികം പേരും ബില്ലിനെ അനുകൂലിച്ചേക്കും.
ലേബര്‍ എംപി കിം ലീഡ്ബീറ്ററില്‍ ഒരു സ്വകാര്യ ബില്ലായാണ് അവതരിപ്പിക്കുന്നത്. നിയമ നിര്‍മ്മാണ വിഷയത്തില്‍ നിലവില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ശേഷിക്കുകയാണ്.
എന്‍എച്ച്എസ് സേവനത്തില്‍ അതൃപ്തിയുള്ള മാരക രോഗമുള്ളവര്‍ ദയാവധം തെരഞ്ഞെടുക്കാമെന്ന് എംപി ആന്റോണിയോ ബാന്‍സ് പറഞ്ഞു. പാലിയേറ്റിവ് കെയര്‍ മേഖലകളിലും ഇതു അപകട സാഹചര്യങ്ങളാകാമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
2015 ല്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ 118 നെതിരെ 330 വോട്ടുകള്‍ക്ക് ഇതു നിരസിക്കപ്പെട്ടു. എന്നാല്‍ ദയാവധം പലരാജ്യങ്ങളിലും നടപ്പിലുള്ളതിനാല്‍ ബില്ലിലെ എംപിമാരുടെ തീരുമാനം നിര്‍ണ്ണായകമാകും.
നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്.
നിലവിലെ നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് 'മരിക്കാനുള്ള അവകാശം' സമ്മാനിക്കപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ തിടുക്കം പിടിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുണ്ട്. പ്രത്യേകിച്ച് വിശ്വാസസംബന്ധമായ വീക്ഷണത്തില്‍ ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധം കൂടിയാണ്. മുന്‍പ് കോമണ്‍സില്‍ ഈ വിഷയത്തില്‍ വോട്ട് ചെയ്തപ്പോള്‍ രണ്ട് മാസം കൊണ്ടാണ് ഇത് പരിശോധിക്കപ്പെട്ടത്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നാല് മാസത്തോളം ബില്‍ അളന്നുമുറിച്ച് പരിശോധിക്കാനും അവസരം കിട്ടിയിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ ഗവണ്‍മെന്റ് രണ്ടാഴ്ച കൊണ്ട് പരിപാടി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. പകുതിയോളം എംപിമാരും ആദ്യമായി സഭയില്‍ എത്തിയവരാണ്. ഇവര്‍ക്ക് നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പര്യാപ്തമായ സമയം പോലും കിട്ടിയിട്ടില്ല. എന്‍എച്ച്എസ് 'തകര്‍ന്ന' നിലയിലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി തന്നെ പ്രഖ്യാപിച്ച അവസ്ഥയില്‍ ബില്‍ നിയമമാകുന്നത് സുപ്രധാനമായ പ്രതിസന്ധി സൃഷ്ടിക്കും.
പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഒരു തരത്തിലുള്ള സേവനവും ലഭിക്കാതെ 100,000 പേരെങ്കിലും പ്രതിവര്‍ഷം മരണപ്പെടുന്നുവെന്നാണ് കണക്ക്. ഈ അവസ്ഥയില്‍ മരിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ വരുന്നതോടെ പലരും ആത്മഹത്യ വരിച്ച് അഭിമാനം കാത്തുസൂക്ഷിക്കാന്‍ തയ്യാറാകുമെന്ന വാദവും ഉയരുന്നുണ്ട്.