ബജറ്റില്‍ ഇന്‍ഹെററ്റന്‍സ് ടാക്‌സില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം ഫലം കാണുന്നു. ഇന്‍ഹെററ്റന്‍സ് ടാക്സില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. കര്‍ഷകര്‍ക്ക് 20 ശതമാനം ഇന്‍ഹെററ്റന്‍സ് ടാക്സ് ഏര്‍പെടുത്തുമെന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ പ്രഖ്യാപനമാണ് പ്രതിഷേധങ്ങള്‍ക്ക് ആധാരമായത്. ബജറ്റ് അവതരണത്തിന് ശേഷം യുകെയില്‍ ഉടനീളം വന്‍ കര്‍ഷക പ്രതിഷേധമാണ് സര്‍ക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത്.
ഇപ്പോഴത്തെ രൂപത്തില്‍ ഇന്‍ഹെററ്റന്‍സ് ടാക്സ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ തന്റെ ഫാം വില്‍ക്കേണ്ടി വരുമെന്ന് കന്നുകാലി കര്‍ഷകനായ ഡേവിഡ് ബാര്‍ട്ടണ്‍ പറഞ്ഞു. പല കര്‍ഷകരും തങ്ങള്‍ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോര്‍ത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട് . എന്നാല്‍ ഓരോ വര്‍ഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ NFU യും കണ്‍ട്രി ലാന്‍ഡ് ആന്‍ഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.
ബജറ്റിലെ വിവാദ നികുതിക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കര്‍ഷക യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്ക് പുറത്ത് ഡസന്‍ കണക്കിന് ട്രാക്ടറുകളും കാര്‍ഷിക വാഹനങ്ങളും പാര്‍ക്ക് ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാര്‍ രംഗത്ത് വന്നത് . ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളെ ബാധിക്കുന്ന വലിയ ബോംബ് എന്നാണ് ഇന്‍ഹെററ്റന്‍സ് ടാക്സ് നിയമങ്ങളിലെ മാറ്റങ്ങളെ കോണ്‍വി കൗണ്ടി കര്‍ഷകനും ബ്രോഡ്‌കാസ്റ്ററുമായ ഗാരെത് വിന്‍ ജോണ്‍സ് വിശേഷിപ്പിച്ചത് . നികുതി നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളാണ് കഷ്ടപ്പെടാന്‍ പോകുന്നതെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ലേബര്‍പാര്‍ട്ടി ഗവണ്‍മെന്റിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.