ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഒഴിവുകള്‍ നികത്തപ്പെടാത്തതും ഉള്ളവര്‍ തന്നെ ജോലി മതിയാക്കുന്നതും രോഗികളുടെ വലിയ തിരക്കും എല്ലാം കൂടി ആശുപത്രികളെ വീര്‍പ്പുമുട്ടിക്കുകയാണ്. ജീവനക്കാരുടെ കുറവ് മൂലം വര്‍ഷം തോറും ആയിരക്കണക്കിന് രോഗികള്‍ മരിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടില്‍ മാത്രം ഇതുമൂലം പ്രതിവര്‍ഷം മരണമടയുന്നത് 4000ല്‍ അധികം പേരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഉദ്ദേശക്കണക്ക് മാത്രമാണെന്നും യഥാര്‍ത്ഥ സംഖ്യ ഇതിനേക്കാള്‍ എത്രയോ അധികമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റും യൂണിവേഴ്സിറ്റി ഓഫ് സറേയും സംയുക്തമായി നടത്തിയ പഠനത്തില്‍ 2,36,000 നഴ്സുമാരുടെയും 41,800 സീനിയര്‍ ഡോക്റ്റര്‍മാരുടെയും 8.1 മില്യണ്‍ രോഗികളുടെയും വിശദാംശങ്ങളാണ് പഠന വിഷയമാക്കിയത്. ഇംഗ്ലണ്ടിലെ 148 എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലായി പ്രവേശിപ്പിക്കപ്പെട്ടവരാണ് ഈ രോഗികള്‍. ഓരോ മാസവും നഴ്സുമാരുടെ എണ്ണത്തില്‍ 1.21 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുന്ന രോഗികളുടെ എണ്ണം ഒരു ലക്ഷം പേര്‍ക്ക് 35 എന്ന നിലയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അതായത് 148 ആശുപത്രികളിലായി 239 അധിക മരണങ്ങള്‍ സംഭവിക്കുന്നു എന്നര്‍ത്ഥം. പൊതുവായി പറഞ്ഞാല്‍, ജീവനക്കാരുടെ കുറവ് മൂലം ഓരോ വര്‍ഷവും 4,020 അധിക മരണങ്ങള്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളില്‍ നടക്കുന്നു എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരും രോഗികളും തമ്മിലുള്ള അനുപാതം ഭയപ്പെടുത്തുന്ന നിലയിലേയ്ക്ക് താഴ്ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ജീവനക്കാരുടെ മേല്‍ അതീവ സമ്മര്‍ദ്ദം ചെലുത്തുന്നു. രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ അവര്‍ക്ക് അധിക സമയം ലഭിക്കുന്നില്ല. ഇതും മരണ നിരക്ക് ഉയരുന്നതിന് കാരണമാകുന്നുണ്ട്.