ബ്രിട്ടനില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാനും, വരുമാനത്തിനായി രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് ഗവണ്‍മെന്റിനെ നിലനില്‍പ്പിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം ഗവണ്‍മെന്റ് ചെലവുകളില്‍ വലിയൊരു ഭാഗം ഇത്തരം ജോലി ചെയ്യാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി വിനിയോഗിക്കേണ്ടി വരുകയാണ് . ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒന്‍പത് മില്ല്യണിലേറെ ജനങ്ങളാണ് സാമ്പത്തികമായി നിശ്ചലാവസ്ഥയിലുള്ളത്. 2.8 മില്ല്യണ്‍ പേര്‍ക്കും ദീര്‍ഘകാല രോഗങ്ങളാണ്. മഹാമാരിക്ക് ശേഷം ഈ കണക്കുകള്‍ കൂടിയിട്ടുണ്ട്.
എന്നാല്‍ പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ഇതിനായി ശ്രമിക്കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് ഇവരെ തൊഴില്‍ രംഗത്തേക്ക് മടക്കിയെത്തിക്കാന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പ്രാദേശിക സമൂഹങ്ങളുടെ ആവശ്യകതകള്‍ക്ക് അനുസരിച്ച് യോഗ്യതകള്‍ കൈമാറാന്‍ സഹായിക്കുകയും, തൊഴില്‍ രംഗത്തേക്ക് എത്തിക്കുകയും ചെയ്യാനാണ് ശ്രമമെന്ന് ധവളപത്രം വ്യക്തമാക്കി.
ജോലി ചെയ്യാത്തതിന് പ്രധാന കാരണമായി പറയപ്പെടുന്നത് അനാരോഗ്യമാണ്. അതുകൊണ്ട് തന്നെ എന്‍എച്ച്എസിനെ ശരിയാക്കുന്നതും ആളുകളെ ജോലിയില്‍ മടക്കിയെത്തിക്കുന്നതില്‍ പ്രധാന ഘടകമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബജറ്റില്‍ ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന് പ്രഖ്യാപിച്ച 22.6 ബില്ല്യണ്‍ പൗണ്ട് എന്‍എച്ച്എസ് ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്ത് രോഗബാധിതരെ ജോലിയില്‍ തിരികെ എത്തിക്കുമെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്.