ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകം, സെന്‍സറിംഗ് വേണം'- പ്രേംകുമാര്‍
ടിവി സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. സിനിമയും സീരിയലും വെബ്‌സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കെെകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
'എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിംഗ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
അതിനിടെ സെന്‍സറിംഗിന് സമയമില്ല. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. കല കെെകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണം',- പ്രേംകുമാര്‍ വ്യക്തമാക്കി.