ബ്രിട്ടന്‍ കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളി 94-കാരനായ ഹാരോഡ്‌സ് മുന്‍ ഉടമ മുഹമ്മദ് അല്‍ ഫയെദ് ആണോ? ഇയാള്‍ 111 സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പോലീസ് പറയുന്നു. ലക്ഷ്വറി സ്‌റ്റോര്‍ ഉടമയായിരുന്ന മുഹമ്മദ് അല്‍ ഫയെദ് 111-ലേറെ സ്ത്രീകളെ ബലാത്സംഗത്തിനും, ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്ന് പോലീസ് പറയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് കേവലം 13 വയസ് മാത്രമാണെന്നും പോലീസ് പറയുന്നു.
ഫായെദ് നടത്തിയ കുറ്റകൃത്യങ്ങളുടെ ആഴം പരിശോധിക്കുമ്പോള്‍ രാജ്യം കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളിയായി ഇയാള്‍ മാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയേറെ കുറ്റകൃത്യങ്ങള്‍ നടത്തിയ വ്യക്തി എങ്ങനെ നിയമത്തിന്റെ കുരുക്കില്‍ പെടാതെ രക്ഷപ്പെട്ടുവെന്ന ചോദ്യമാണ് ഉയരുന്നത്.
ഫയെദിന് പീഡിപ്പിക്കാന്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയ അഞ്ച് വ്യക്തികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. മുന്‍പ് നടന്ന പോലീസ് അന്വേഷണങ്ങളില്‍ പിടികൂടാനുള്ള സാധ്യത നഷ്ടമാക്കിയോ എന്നും പരിശോധിക്കുന്നുണ്ട്.
മുന്‍പത്തെയും, നിലവിലെയും ഓഫീസര്‍മാര്‍ അഴിമതി നടത്തിയെന്ന വാദം നിലനില്‍ക്കുന്നുണ്ട്. സ്വന്തം സ്റ്റോറിലെ ജീവനക്കാരികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഫയെദിന് രക്ഷകരായത് അഴിമതിക്കാരായ പോലീസുകാരാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 111 സ്ത്രീകളില്‍ 21 ഇരകള്‍ പലപ്പോഴായി പോലീസില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നതാണ് വിചിത്രം.