തൊഴിലാളി ചൂഷണം ഇനി വേണ്ട, നിയമം കര്‍ശനമാക്കുന്നു, ശമ്പളം കുറച്ചുകൊടുത്താല്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കുണ്ടാകും ; കെയറര്‍ മേഖലയിലെ ചൂഷണം അവസാനിക്കുമോ ?
വിദേശത്തു നിന്നും കുടിയേറുന്ന തൊഴിലാളികള്‍ പല രീതിയില്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്.
പലരും പറഞ്ഞ വേതനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിസ നിയമങ്ങള്‍ ലംഘിച്ചാലും വേതനം കൃത്യമായി നല്‍കിയില്ലെങ്കിലും തൊഴിലാളികളെ നിയമിക്കുന്നവര്‍ക്ക് ഇനി വിലക്കേര്‍പ്പെടുത്തും. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ രണ്ടു വര്‍ഷത്തെ വിലക്കാണ് സര്‍ക്കാര്‍ കൊണ്ടുവരിക.
ശക്തമായ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ്. വിദേശ തൊഴിലാളികളെ ഒരു രീതിയിലും ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മൈഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര വ്യക്തമാക്കി. കെയറര്‍ മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
വിസ സ്‌പോണ്‍സര്‍ഷിപ്പിന്റെ തുക തൊഴിലുടമകള്‍ വഹിക്കണം. ഇതു തൊഴിലാളികളില്‍ നിന്ന് വാങ്ങരുത്. 2022 ജൂലൈ മുതല്‍ 450 ഓളം സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. ആരോഗ്യ മേഖലയില്‍ ജോലിക്കെത്തുന്ന കെയറര്‍മാര്‍ വലിയ തോതില്‍ ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് തുക നല്‍കേണ്ടിവന്നവരും വേതനം കുറവും കൈപ്പറ്റുന്നവരും കെയറര്‍ മേഖലയില്‍ ഏറെയാണ്.