സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിലെ ഇന്‍കംടാക്‌സ് റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയില്‍ പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്കുകള്‍ നല്‍കിയില്ലെന്ന് ഐടി വൃത്തങ്ങള്‍ പറയുന്നു. പണം വന്ന സോഴ്‌സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.